തൃശ്ശൂരിൽ യുവാവ് മരിച്ചത് മങ്കിപോക്സ് ബാധിച്ചെന്ന് സ്ഥിരീകരണം. പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലം പോസിറ്റീവാണ്. യുവാവിന് വിദേശത്ത് വച്ച് മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുണൈ വൈറോളജി ലാബിലെ പരിശോധനാ ഫലവും പോസിറ്റീവായത്. പുന്നയൂർ പഞ്ചായത്തിലെ എട്ടാം വാർഡിലാണ് മരിച്ച 22 കാരൻറെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയിൽനിന്ന് നാട്ടിലെത്തിയത്.
അപകടസാധ്യത ഘടകങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുകയും മങ്കിപോക്സ് ബാധിച്ച രോഗികളുമായി സമ്പർക്കം പുലർത്തുന്നത് കുറയ്ക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രോഗബാധിതനായ ഒരു വ്യക്തിയുമായി ദീർഘനേരം അല്ലെങ്കിൽ ആവർത്തിച്ചുള്ള സമ്പർക്കം ഉണ്ടെങ്കിൽ ആർക്കും മങ്കിപോക്സ് പിടിപെടാമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മനുഷ്യരിൽ മങ്കിപോക്സ് പടർന്നുപിടിക്കുമ്പോൾ രോഗബാധിതരുമായി അടുത്തിടപഴകുന്നത് മങ്കിപോക്സ് വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണെന്ന് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. മങ്കിപോക്സ് ബാധിച്ച ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയ കിടക്കകൾ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ ശേഷം കൈ ശുചിത്വം പാലിക്കുക.
രോഗബാധിതരുടെ അടുത്ത് പോകുമ്പോൾ, മാസ്കുകളും ഡിസ്പോസിബിൾ കയ്യുറകളും ധരിക്കുക. പരിസര ശുചീകരണത്തിന് അണുനാശിനികൾ ഉപയോഗിക്കുക. മങ്കിപോക്സ് രോഗം ബാധിച്ചവർ ഉപയോഗിച്ച കിടക്ക, ടവ്വൽ എന്നിവ ഉപയോഗിക്കരുത്. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടാൽ പൊതുപരിപാടികളിൽ പങ്കെടുക്കരുത്.
മങ്കിപോക്‌സ് പിടിപെടുന്നവരിൽ കാണുന്ന രണ്ട് പുതിയ ലക്ഷണങ്ങൾ…
മങ്കിപോക്‌സ് വിവിധ രാജ്യങ്ങളിൽ പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന കഴിഞ്ഞാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സിന്റെ പുതിയ വകഭേദം പിടിപെടുന്ന രോഗികളിൽ മലാശയ വേദന, പെനൈൽ വീക്കം തുടങ്ങിയ മുമ്പൊരിക്കലും കാണാത്ത ലക്ഷണങ്ങൾ കാണുന്നതായി ഗവേഷണത്തിൽ കണ്ടെത്തിയതായി ബ്രിട്ടീഷ് മെഡിക്കൽ ജേണൽ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
കടുത്ത തലവേദന, പനി, ചർമ്മത്തിലെ തിണർപ്പ് അല്ലെങ്കിൽ ചർമ്മത്തിലെ പാടുകൾ/കുമിളകൾ, ക്ഷീണം, കക്ഷം, കഴുത്ത്, ഞരമ്പ് എന്നിവിടങ്ങളിലെ ലിംഫ് ഗ്രന്ഥിയുടെ വീക്കം, പേശി വേദന, നടുവേദന എന്നിവയാണ് മങ്കിപോക്സിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് സക്ര വേൾഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുബ്രത ദാസ് പറഞ്ഞു.
എല്ലാ രോഗികൾക്കും അവരുടെ ചർമ്മത്തിലോ മ്യൂക്കോസൽ ചർമ്മത്തിലോ ജനനേന്ദ്രിയത്തിലോ പെരിയാനൽ ഭാഗത്തോ ആണ് മുറിവുള്ളതായി കണ്ടെത്തിയതെന്നും പഠനത്തിൽ പറയുന്നു. രോഗബാധിതരായ ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ള ആളുകളിൽ പനി, തൊണ്ടവേദന എന്നിവ ഉണ്ടാകുമ്പോൾ ആ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി സമ്പർക്കം പുലർത്തുന്നവരെ വേർതിരിച്ച് ശരിയായ വൈദ്യസഹായത്തോടെ വിലയിരുത്തണമെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിന്ദുമതി പി എൽ പറഞ്ഞു.
രോഗബാധിതനുമായി സമ്പർക്കം പുലർത്തുന്ന ഒരു വ്യക്തിക്ക് അഞ്ച് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ രണ്ടോ മൂന്നോ ആഴ്ച ക്വാറന്റൈൻ ആവശ്യമാണെന്നും ഡോ. ബിന്ദുമതി പറഞ്ഞു. രോഗബാധിതനായ വ്യക്തിയെ പരിചരിക്കുന്നവർ നല്ല ശുചിത്വം പാലിക്കണം. രോഗിയെ പരിചരിക്കുന്ന വ്യക്തി പതിവായി കൈ കഴുകേണ്ടതുണ്ട്. കൂടാതെ കൊവിഡ് – 19 പോലെ ആവശ്യമായ മുൻകരുതലുകൾ പാലിക്കണമെന്നും അവർ പറഞ്ഞു.