മുംബൈ: ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സും നിഫ്റ്റിയും ഉയർന്നു. സെൻസെക്‌സ് 200 പോയിന്റിലധികം അഥവാ 0.38 ശതമാനം ഉയർന്ന് 57,800 ന് മുകളിലെത്തി, നിഫ്റ്റി 0.28 ശതമാനം ഉയർന്ന് 17,200 ലെത്തി
വീണയിൽ ഇന്ന് എം ആൻഡ് എം, സിപ്ല, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ സൺ ഫാർമ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്യുഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
നിഫ്റ്റി മിഡ്‌ക്യാപ് സൂചികയും സ്‌മോൾക്യാപ് 1 0.5 ശതമാനം വരെ ഉയർന്നു. മേഖലാപരമായി, നിഫ്റ്റി ഓട്ടോയും നിഫ്റ്റി മീഡിയയും വ്യാപാരത്തിൽ 2 ശതമാനം വരെ ഉയർന്നു. വ്യക്തിഗത ഓഹരികളിൽ, യുപിഎല്ലിന്റെ ഓഹരികൾ അവരുടെ ജൂൺ പാദ ഫലത്തിന് മുന്നോടിയായി 2.09 ശതമാനം ഉയർന്നു. കൂടാതെ, സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുമായുള്ള ലയനത്തിന് എക്‌സ്‌ചേഞ്ചുകൾ അംഗീകാരം നൽകിയതിന് ശേഷം സീ എന്റർടൈൻമെന്റിന്റെ ഓഹരികൾ വ്യാപാരത്തിൽ 3.6 ശതമാനം ഉയർന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് ഉറ്റുനോക്കുകയാണ്. മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഡോളർ ഉള്ളത്. ഡോളർ സൂചിക, 0.1 ശതമാനം താഴ്ന്ന് 105.89 ൽ എത്തി. യു എസ് ഫെഡ് നിരക്കുകൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ദീർഘ കാലം ഉയർന്ന നിരക്ക് തുടരില്ല എന്നാണ് യു എസ് ഫെഡ് വ്യക്തമാക്കിയത്. അതേസമയം, ഇന്ന് ഇന്ത്യൻ രൂപ മൂന്നാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇന്ന് ഡോളറിന് 79.15 എന്ന നിരക്കിലാണ് നിലവിൽ രൂപയുടെ വിനിമയ നിരക്ക്.