സഹോദരന് വേണ്ടി സഹായമഭ്യർഥിച്ച അഫ്ര ഇനി കണ്ണീരോർമ

Kerala

മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിന് സഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറലിരുന്ന് നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു. അഫ്രയുടെ വാക്കുകൾക്ക് മറുപടിയായി കോടികളാണ് കുഞ്ഞു മുഹമ്മദിനായി ഒഴുകിയെത്തിയത്.

എസ്എംഎ രോഗബാധിതയായ അഫ്രക്ക് ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാൽ ജീവിതം വീൽചെയറിലായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി അവൾ സഹായമഭ്യർഥിച്ചപ്പോൾ 46 കോടിയുടെ കാരുണ്യമാണ് നാടൊന്നാകെ നൽകിയത്.

കുറച്ചുദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്രയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 2021 ആഗസ്ത് 24നാണ് മുഹമ്മദിന് മരുന്ന് കുത്തിവെച്ചത്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്. അഫ്രക്കും എസ്എംഎ അസുഖത്തിനുള്ള ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

അസുഖ വിവരമറിഞ്ഞ് മുമ്പ് സഹായം ചെയ്ത നിരവധിപേർ വീണ്ടും സഹായം വാഗ്ദാനം ചെയ്തു അഫ്രയുടെ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം അഫ്രക്ക് വീൽചെയർ നൽകി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നേരിട്ട് വീട്ടിലെത്തിയാണ് വീൽചെയർ കൈമാറിയത്. അസുഖം മാറി അഫ്ര തിരിച്ചുവരുന്നത് കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. മകൾ ആശുപത്രിയിലായതോടെ വിദേശത്ത് ജോലിക്കുപോയ അഫ്രയുടെ പിതാവ് നാട്ടിലെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *