പലിശ നിരക്ക് വീണ്ടും കൂടിയേക്കും; റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

National

വീണ്ടും പലിശ നിരക്ക് ഉയര്‍ത്താനുള്ള നീക്കവുമായി റിസര്‍വ് ബാങ്ക്. ഓഗസ്റ്റ് ആദ്യ വാരത്തില്‍ നടക്കുന്ന മോണിറ്ററി പോളിസി റിവ്യൂവില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. റിപ്പോ നിരക്കുകള്‍ 35 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയേക്കുമെന്നാണ് റിസര്‍വ് ബാങ്കുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയിലെ ഒരു ബ്രോക്കറേജ് ഏജന്‍സിയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. (RBI Likely To Raise Key Policy Rate)

മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമായി നിരക്കുകള്‍ 90 ബേസിസ് പോയിന്റ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തുന്നതോടെ രാജ്യത്തെ ബാങ്കുകളും നിക്ഷേപ പലിശകള്‍ വര്‍ധിപ്പിക്കും. വീട്, വാഹന, വായ്പാ പലിശ നിരക്കുകളും ആനുപാതികമായി ഉയരും.

ഓഗസ്റ്റ് മൂന്നിനാണ് മോണിറ്ററി പോളിസി റിവ്യൂ മീറ്റിംഗ് ആരംഭിക്കുക. ഇത് മൂന്ന് ദിവസം നീണ്ടുനില്‍ക്കും. ആറ് മാസത്തേക്ക് റീട്ടെയില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായതിനാലാണ് പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുന്നത്. ഘട്ടംഘട്ടമായാണ് പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത്. മെയ് മാസത്തില്‍ റിപ്പോ നിരക്കുകള്‍ 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയശേഷം പിന്നീട് ജൂണില്‍ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ കൂടി ഉയര്‍ത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *