ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-മത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 നാണ് സത്യപ്രതിജ്ഞ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ പുതിയ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
സത്യപ്രതിജ്ഞയ്‌ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9.22 ന് രാഷ്‌ട്രപതി ഭവനിലെ നോർത്ത് കോർട്ടിലെത്തുന്ന
ദ്രൗപദി മുർമു കാലാവധി പൂർത്തിയാക്കുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. തുടർന്ന് 9.49ന് രാഷ്ട്രപതിക്കുള്ള പ്രത്യേക വാഹനത്തിൽ ഇരുവരും പാർലമെന്റിലേക്ക് പുറപ്പെടും.
രാവിലെ 10.03ന് രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയും ചീഫ് ജസ്റ്റിസ് എൻ വി രമണയും ചേർന്ന് ഇരുവരെയും സ്വീകരിക്കും.10.11ന് പുതിയ രാഷ്‌ട്രപതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ആഭ്യന്തര സെക്രട്ടറി വായിക്കും. തുടർന്ന് 10.14ന് ദ്രൗപദി മുർമുവിന് ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി ഇരിപ്പിടം കൈമാറും.