ആഫ്രിക്കൻ പന്നി പനി നിയന്ത്രിക്കുവാൻ നടപടികൾ സ്വീകരിച്ചു: ജെ. ചിഞ്ചുറാണി

Wayanad

വയനാട് ജില്ലയിലെ മാനന്തവാടിയിൽ പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ (പന്നി പനി ) രോഗം സ്ഥിരീകരിച്ചു. ഭോപ്പാൽ – ICAR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ (NIHSAD) നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാനന്തവാടി ഫാമിൽ 43 പന്നികളും, തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ 1 എണ്ണവും രോഗം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. തവിഞ്ഞാൽ പഞ്ചായത്തിലെ ഫാമിൽ 300 പന്നികളാണ് ഉള്ളത്. നിലവിൽ അവിടെ മൂന്ന് മൃഗങ്ങൾക്ക് രോഗ ലക്ഷണങ്ങൾ ഉണ്ട്. 19 / 07 / 2022 ന് പൂക്കോട് വെറ്ററിനറി കോളേജിലെ ഡയറക്ടർ ഓഫ് അക്കാദമിക് ആൻഡ് റിസേർച്ച് സെന്ററിൽ മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗനിയന്ത്രണ വിഭാഗത്തിലെയും, പാലോട് സംസ്ഥാന മൃഗരോഗ നിയന്ത്രണ കേന്ദ്രത്തിലെയും, പൂക്കോട് വെറ്ററിനറി കോളേജിലെയും, വയനാട് ADCP എന്നിവിടങ്ങളിലെയും വിദഗ്ധ സംഘത്തിൻറെ യോഗം ചേർന്ന് രോഗം നിയന്ത്രണ വിധേയമാക്കുവാനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്യുകയും, രോഗം ബാധിച്ച സ്ഥലങ്ങൾ വിദഗ്ദ്ധ സംഘം അന്നേദിവസം സന്ദർശിച്ച് സാംപിളുകൾ ശേഖരിക്കുകയും, കർഷകർക്ക് ആവശ്യമായ ബോധവൽക്കരണം നൽകുകയും ചെയ്തു . തുടർന്ന് ബത്തേരി LMTC യിൽ ജില്ലയിലെ വെറ്ററിനറി ഓഫീസർമാരുടെ ഒരു യോഗംചേരുകയും ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ സ്ഥിതിഗതികൾ വിശദീകരിക്കുകയും, വയനാട് പന്നികർഷക സംഘം പ്രതിനിധികൾക്ക് ബോധ വൽക്കരണ ക്ലാസ് നൽകുകയും ചെയ്തു. കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം The Prevension and Control Of Infectious and Contagious Diseases in Animals Act,2009 (Central Act 27 of 2009 ) പ്രകാരം സംസ്ഥാനത്തിനകത്തേക്കും , പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതിൽ കടുത്ത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വനം വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, എക്സൈസ് വകുപ്പ്, ചരക്കു സേവന നികുതി വകുപ്പ്, പൊലീസ് എന്നിവയുടെ യോജിച്ച പ്രവർത്തനത്തിലൂടെ എല്ലാ അതിർത്തി ചെക്കുപോസ്റ്റുകളിലും പരിശോധന കർശനമാക്കുന്നതിനും , പന്നി, പന്നി ഇറച്ചി, പന്നി മാംസോൽപ്പന്നങ്ങൾ, പന്നി വിസർജ്ജങ്ങൾ എന്നിവ കടത്തിയ വാഹനങ്ങൾ സംസ്ഥാനത്തിനകത്ത് പ്രവേശിപ്പിക്കുന്നത് തടയുന്നതിനുമുള്ള നിർദ്ദേശങ്ങൾ മൃസംരക്ഷണ വകുപ്പ് മന്ത്രി നൽകിയിട്ടുണ്ട്. കാട്ടുപന്നികൾ അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടാൽ വനം വകുപ്പിനെ അറിയിക്കണം എന്നും മന്തി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ഫാമുകളിലും മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിവരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് പന്നികളെ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ പ്രസ്തുത നിയമ പ്രകാരം കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും . വൈറസ് രോഗ ബാധ ആയതിനാൽ ഈ രോഗത്തിന് ചികിത്സ ഫലവത്തല്ല. പ്രതിരോധ വാക്സിനും നിലവിൽ ലഭ്യമല്ലാത്ത് സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശിക്കുന്നതനുസരിച്ചുള്ള ജൈവസുരക്ഷാ സംവിധാനം ശക്തമാക്കുവാൻ എല്ലാ ഫാം ഉടമകളും ശ്രദ്ധിക്കേണ്ടതാണ് എന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *