മാനന്തവാടി:
ജില്ലയിൽ ആരോഗ്യ വകുപ്പിൽ രൂക്ഷമായി തുടരുന്ന മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനും ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്നും മെഡിസെപ് ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും അവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മറ്റി യുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീനു മുമ്പിൽ ധർണ്ണ നടത്തി. യഥാസമയം ടെൻഡർ നൽകാതെയും മഴക്കാലത്തെ ആവശ്യകത മുൻകൂട്ടി മനസിലാക്കാതെയും ഉത്തരവാദപ്പെട്ടവർ ചെയ്ത പ്രവൃത്തികളിലെ വീഴ്ച മൂലം ജനങ്ങൾ യാതന അനുഭവിക്കുകയാണ്.
മഴക്കാല രോഗങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കേണ്ട ഹെൽത്ത് ഇൻസ്പെക്ടർമാർ , ജെ പി എച്ച് എൻ, ഉൾപ്പെടെയുള്ള വിവിധ തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്. സാഹചര്യം മനസിലാക്കി ഒഴിവുകൾ നികത്തുവാനുള്ള നടപടികൾ അധികാരികൾ സ്വീകരിക്കുന്നില്ല. എച്ച്.ഐ മാരുടെ 15 ഒഴിവുകളും ജെപി എച്ച് എൻ മാരുടെ 70ഓളം ഒഴിവുകളും ഫാർമസിസ്റ്റ്, ലാബ് ടെക്‌നിഷ്യൻ ,ഹോസ്പിറ്റർ അറ്റന്റർ തുടങ്ങിയ തസ്തികകളിലെ നിരവധി ഒഴിവുകളും ഇപ്പോൾ വയനാട് ജില്ലയിലുണ്ട്. മഴക്കാലം ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതെ കടന്നു പോകണമെങ്കിൽ ഈ ഒഴിവുകൾ അടിയന്തരമായി നികത്തണം. ജോലിയുടെ കാര്യക്ഷമതയെ ബാധിക്കുന്ന തരത്തിൽ പല ജീവനക്കാരെയും ജില്ലയുടെ വിദൂരസ്ഥലങ്ങളിലേക്ക് രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റി പീഡിപ്പിക്കുന്നത് തുടരുകയാണ്. ഒഴിവുകൾ യഥാസമയം നികത്താതെ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ,ചികിത്സ, വിവിധങ്ങളായ പരിപാടികളുടെ നടത്തിപ്പുകൾ, പദ്ധതി നിർവ്വഹണം, കോവിഡ് പ്രതിരോധ കുത്തിവയ്പ് തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തേണ്ടുന്ന ആരോഗ്യ വകുപ്പിലിലെ ജീവനക്കാരുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും എൻ.ജി.ഒ അസോസിയേഷൻ ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു . ബ്രാഞ്ച് പ്രസിഡന്റ് എൻ.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. കെ.ടി ഷാജി, എൻ. ജെ ഷിബു, സി.ജി ഷിബു, എം.ജി അനിൽ കുമാർ, എം.എ ബൈജു, ശരത് ശരാധരൻ, അഷ്‌റഫ് ഖാൻ ,ബേബി പേടപ്പാട്ട്, ശിവൻ പുതുശേരി, രഞ്ജൻ ടി, തുടങ്ങിയവർ സംസാരിച്ചു.