തിരുവനന്തപുരം: കെഎസ് ആർടിസിയിൽ നിലപാട് കടുപ്പിച്ച് ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും എന്നറിയിച്ചു. പണിമുടക്ക് ദിവസം ഡയസ് നോൺ പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നില്ല. ശമ്പള പ്രശ്നത്തിൽ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കാനും തീരുമാനമെടുത്തത്.
തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തു തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവർക്കും വൈകി എത്തിയവർക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്ച തന്നെ ജോലിക്കെത്താത്തവരുടെ പട്ടിക സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ശമ്പള ഇനത്തിൽ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്ന് കണക്ക് കൂട്ടൽ.