പൂരത്തിനെത്തിയത് റെക്കോഡ് ജനം; പൂജ്യം കുറ്റകൃത്യം

Kerala

തൃശൂർ: റെക്കോഡ് ജനക്കൂട്ടം പ്രത്യക്ഷപ്പെട്ട ഇത്തവണത്തെ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരുതരം കുറ്റകൃത്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പൂരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ള ആളുകളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങളാണ് പൊലീസ് ഇത്തവണ ഏർപ്പെടുത്തിയിരുന്നത്. നഗരത്തിലും പരിസരത്തും ഘടിപ്പിച്ചിരുന്ന സി.സി ടി.വി സംവിധാനവും കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചു.

ജനക്കൂട്ടത്തിനിടയിൽനിന്ന് മൂന്ന് പോക്കറ്റടിക്കാരെ തൃശൂർ സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം പാളയം പടിഞ്ഞാറേ കോണിൽ വീട്ടിൽ മുഹമ്മദ് ഹാഷിം (47), കോട്ടയം കുറുവിലങ്ങാട് കളരിക്കൽ ജയൻ (47), ഒല്ലൂർ മടപ്പട്ടുപറമ്പിൽ വേണുഗോപാൽ (52) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 20 മൊബൈൽ ഫോണും പവർബാങ്കും പിടിച്ചെടുത്തു. ബസുകളിലും മറ്റും യാത്രചെയ്യുന്നവരിൽനിന്നും തിരക്കുകൾക്കിടയിലും മോഷണം നടത്തിയതാണ് ഈ മൊബൈൽ ഫോണുകളെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തി. തൃശൂർ പൂരത്തിന് എത്തിയപ്പോഴേക്കും ഇവർ ഷാഡോ പൊലീസിന്റെ പിടിയിലകപ്പെട്ടു.

തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ ക്രമീകരണങ്ങൾ വിജയിച്ചു. തിക്കിലും തിരക്കിലുംപെട്ട് ആർക്കും അപായം ഉണ്ടായില്ല. തലകറക്കം അനുഭവപ്പെട്ടവർക്കും ശാരീരിക അവശതകൾ പ്രകടിപ്പിച്ചവർക്കും ഉടൻ വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞതുവഴി, പൂരത്തിനിടക്ക് ഒരപകടവും ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *