ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. മേയ് 21ന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഡോക്ടർമാർ നൽകിയ ഹരജിയാണ് കോടതിയിലെത്തിയത്. ഐ.എം.എയും പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2021ലെ നീറ്റ് കൗൺസിലിങ്ങിന് ശേഷം നീറ്റ് പി.ജി പരീക്ഷക്കായി ഒരുങ്ങാൻ സമയമില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല.
പരീക്ഷ ഇനിയും മാറ്റിയാൽ അത് മെഡിക്കൽ പ്രവേശനത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2016ൽ സുപ്രീംകോടതി അംഗീകരിച്ച സമയക്രമത്തിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവും. രണ്ട് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷക്കായി തയാറെടുപ്പ് നടത്തിയിരിക്കുന്നത്. ഇതും പരിഗണക്കണമെന്ന് കോടതി നിരീക്ഷിച്ചു.
2021ലെ നീറ്റ് പി.ജി പരീക്ഷ അഞ്ച് മാസം വൈകി ആരംഭിച്ചതാണ് പ്രതിസന്ധിക്കുള്ള കാരണം. പരീക്ഷ വൈകിയതിനെ തുടർന്ന് കൗൺസിലിങ്ങ് ആരംഭിച്ചത് ഒക്ടോബറിലാണ്. എന്നാൽ, സംവരണവുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നതിനാൽ കൗൺസിലിങ് താൽക്കാലികമായി സുപ്രീംകോടതി നിർത്തുവെച്ചു. പിന്നീട് ജനുവരിയിലാണ് കൗൺസിലിങ് പുനഃരാരംഭിക്കാനായത്. മേയ് ഏഴിനാണ് കൗൺസിങ് പൂർത്തിയായത്. അതുകൊണ്ട് പരീക്ഷക്കുള്ള പഠനത്തിനായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നാണ് വിദ്യാർഥികളുടെ പരാതി.