തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസായി തന്നെ തുടരണമെന്ന് വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പുറത്തിറക്കി. നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സിൽ എന്നത് ആളുകൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിലെ രീതി തുടരുമെന്ന് വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിരുന്നു.
ഒന്ന് മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പ്രവേശനത്തിന് മൂന്ന് മാസത്തെയും പത്താം ക്ലാസിൽ ആറ് മാസത്തെയും വയസ്സിളവ് ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർക്ക് അനുവദിക്കാം എന്നും കരട് സ്കൂൾ മാന്വലിൽ പറയുന്നു. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലേക്ക് ഒരു ഡിവിഷനിൽ 30 കുട്ടികൾക്കാണ് പ്രവേശനം നൽകുക. ആറുമുതൽ എട്ടുവരെ ക്ലാസുകളിലെ ഡിവിഷനിൽ 35 കുട്ടികൾക്കും ഒമ്പത്, പത്ത് ക്ലാസുകളുടെ കാര്യത്തിൽ ആദ്യ ഡിവിഷനിൽ 50 കുട്ടികൾക്കും പ്രവേശനം നൽകാം.