തിരുവനന്തപുരം: ദേശീയ പാതയിൽ പള്ളിച്ചൽ പാരൂർക്കുഴിക്ക് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഒരു വശം ചരിഞ്ഞുപോയെങ്കിലും ഭിത്തിയിലും നടപ്പാതയുടെ കൈവരിയിലും തട്ടി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്നലെ രാവിലെ 11 ന് തമ്പാനൂരിൽ നിന്ന് നാഗർകോവിലിലേക്ക് പുറപ്പെട്ട നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
മഴയിൽ റോഡിൽ നിന്ന് തെന്നി മാറിയ ബസ് ഇലക്ട്രിക് പോസ്റ്റ് തകർത്ത് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് ഡ്രൈവർ അമരവിള സ്വദേശി വിനോദ് കുമാറിനും മറ്റ് ഏഴുപേർക്കുമാണ് പരിക്കേറ്റത്. ആകെ 22 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ ആറ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.
മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപകടം. ശബ്ദം കേട്ടെത്തിയ നാട്ടുകാരും വഴിയാത്രകാരുമാണ് ബസിൽ കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആംബുലൻസുകളിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമായി മാറ്റി.