ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ചില്ലുപാലം വിയറ്റ്നാമിൽ ഉടന്‍ തുറക്കും. വിയറ്റ്നാമിലെ വടക്കൻ ഹൈലാൻഡ്സ് പട്ടണമായ മോക് ചൗവിൽ സഥിതി ചെയ്യുന്ന 2073.5 അടി നീളമുള്ള ഈ ചില്ലുപാലത്തിന് ബാച്ച് ലോങ് എന്നാണ് പേര്. വിയറ്റ്നാമിലെ ദേശീയ അവധി ദിവസമായ എപ്രിൽ 30ന് പാലം പൊതുജനങ്ങൾക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ഉദ്ഘാടനത്തിന് മുമ്പേ ഗ്ലാസ് പാലത്തിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പാലത്തിന്‍റെ ആകർഷണീയമായ വാസ്തുവിദ്യയെ നെറ്റിസൺസ് അഭിനന്ദിക്കുകയാണ്.
ലോകത്തിലെ നീളം കൂടിയ ഗ്ലാസ് പാലമെന്ന ഗിന്നസ് റെക്കോർഡിനായി അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള 1410.7 അടി നീളമുള്ള ഗ്ലാസ് പാലത്തിനാണ് ഇതുവരെ ഈ റെക്കോർഡുണ്ടായിരുന്നത്.
പ്രമുഖ ഫ്രഞ്ച് കമ്പനിയായ സെന്റ് ഗോബെയ്ന്‍ സൂപ്പർ ടെമ്പേർഡ് ഗ്ലാസ് കൊണ്ടാണ് വിയറ്റ്നാമിലെ പാലം നിർമിച്ചിരിക്കുന്നത്. ഒരേ സമയം 500 പേരെ മാത്രമേ ഗ്ലാസ് പാലത്തിലൂടെ നടക്കാൻ അനുവാദിക്കൂവെന്ന് മോക് ചൗ ദ്വീപ് ടൂറിസ്റ്റ് ഏരിയയുടെ പ്രതിനിധി ഹോങ് മാൻ ഡൂയ് വ്യക്തമാക്കി.