കോഴിക്കോട്: പതിവില്ലാത്തവിധം ശക്തമായ വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം സംഭവിച്ചു. ശക്തമായ കാറ്റിലുണ്ടായ കൃഷിനാശം കർഷകർക്ക് തിരിച്ചടിയായി. പച്ചക്കറി മുതൽ തെങ്ങ് വരെയുള്ള കൃഷികൾക്കാണ് നാശമുണ്ടായത്. വേനലിൽ ഇത്രയും കാറ്റും മഴയും അടുത്തകാലത്തുണ്ടായിട്ടില്ല.
ഏപ്രിൽ ഒന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ 7.97 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 6103 കർഷകരുടെ 210 ഹെക്ടറിലെ കൃഷിയെ വേനൽമഴയും കാറ്റും ബാധിച്ചു. കൃഷിവകുപ്പിന്റെ കൊടുവള്ളി ബ്ലോക്കിന് കീഴിലാണ് ഏറ്റവും കൂടുതൽ നഷ്ടം, 1.54 കോടി രൂപ. പേരാമ്പ്രയിൽ 90ഉം കുന്നുമ്മലിൽ 87ഉം തൂണേരിയിൽ 85ഉം ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വകുപ്പിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുന്നുമ്മൽ ബ്ലോക്കിൽ 47.14ഉം കൊടുവള്ളിയിൽ 44.46ഉം ഹെക്ടർ സ്ഥലത്താണ് കൃഷിനാശം. ഉള്ള്യേരിയിൽ ഈ മാസം 19 വരെ 1158 കർഷകരെ ബാധിച്ചു. കോഴിക്കോട് ബ്ലോക്കിൽ 0.04 ഹെക്ടറിൽ മാത്രമാണ് നഷ്ടം. അരലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.