വീണ്ടുമൊരു വിഷുകൂടി….മനസ്സില്‍, ബാല്യത്തിന്റെ, ഗൃഹാതുരതയുടെ, പൊയ്പ്പോയ ആ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ഒരു വിഷുക്കാലം കൂടി വരവായി. കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും, വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹൃദങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍….പടക്കം പൊട്ടിച്ചും കണികണ്ടു കാണിച്ചുമൊക്കെ ആഘോഷിച്ച് തിമിര്‍ത്തിരുന്ന അവധിക്കാലത്തിന്റെ ധാരാളിത്തം..
ഓര്‍മ്മയില്‍ തണുപ്പും നോവും പടര്‍ത്തിയപ്പോഴാണ് .എഴുതാനിരുന്നത്.. വീണ്ടും ഒരു വിഷുക്കാലം വരുന്നു എന്ന് പറഞ്ഞ് കൊണ്ട് ഫേസ് ബുക്കില്‍ കൊന്ന പൂക്കള്‍ ഷെയര്‍ ചെയ്തു കണ്ടപ്പോളാണ് സത്യത്തില്‍ എനിക്കും വിഷുക്കാലം വന്നു എന്ന അറിവ് കിട്ടിയത്.
(ഫേസ് ബുക്ക് കൊണ്ടുള്ള ഓരോ ഉപകാരമേ ..) മാത്രമല്ല ഇത്തവണ മ്മക്ക് വിഷുവും ഇല്ല. അച്ഛമ്മ മരിച്ചിട്ട് ഒരു വർഷം ആകുന്നതേ ഉള്ളു. കഴിഞ്ഞ വിഷുവിനും ഓണത്തിനും അച്ഛമ്മ കൂടെ ഉണ്ടായിരുന്നു. കയ്യിൽ പൈസ കിട്ടാൻ തുടങ്ങിയ കാലം മുതൽ വിഷുവിനും ഓണത്തിനും അച്ഛമ്മക്കും, അമ്മമ്മക്കും ഓരോ സെറ്റും മുണ്ടും പതിവായിരുന്നു എന്നാൽ ഇത്തവണത്തെ വിഷുവിനു അവർ രണ്ടുപേരും ഇല്ല ..അല്ലെങ്കില്‍ തന്നെ എന്ത് വിഷു എന്ത് ഓണം മലയാളികള്‍ക്ക്… ആഘോഷങ്ങള്‍ ബാറിലും ഹോട്ടലുകളിലും ഒക്കെ അല്ലേ .. ! കേരളം കുടിച്ചു കളയുന്ന കോടികള്‍ , ഹാ . .. അല്ല ഞാന്‍ എന്തിനാ ഇപ്പൊ അതൊക്കെ ആലോചിച്ചു വ്യാകുലപ്പെടുന്നത്….,. എനിക്ക് ഇപ്പോളും എപ്പോളും വിഷു മനസ്സില്‍ ഉണ്ട്. അത് പോരെ ? പഴയ ഓരോന്ന് ആലോചിക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു ഉന്മേഷമാണ്. ആലോചിച്ചു തീരുമ്പോള്‍ ആ കാലമൊന്നും ഇനി തിരിച്ചു കിട്ടില്ലാ എന്ന നിരാശാബോധം എന്നെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊണ്ടേ ഇരിക്കും കുറച്ചു നേരത്തേക്ക്. വിഷുവിന്റെ തലേ ദിവസം കൊന്നപ്പൂക്കള്‍ പറിക്കാന്‍ എല്ലാവരും കൂടി ഒരു പോക്കുണ്ട്. സ്കൂള്‍ അടച്ചതിന്റെ ഒരു ആഘോഷം ഒരു ഭാഗത്ത് , കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കാനുള്ള ഒരു സ്വാതന്ത്ര്യം ആസ്വദിക്കുന്നതിന്റെ ഒരു രസം വേറൊരു ഭാഗത്ത്, അങ്ങനെ ഉള്ള ദിവസങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിച്ചു അര്മാദിക്കാന് ഉള്ള ഒരു ദിവസമായാണ് ഞങ്ങളില്‍ പലരും വിഷുവിനെ കണ്ടിരുന്നത്.,.പറമ്പിലെ കശുവണ്ടി പെറുക്കി വിറ്റാണ് അന്ന് പടക്കങ്ങൾ വാങ്ങിയിരുന്നത്. മാത്രമല്ല ആ ദിവസം ഓരോരുത്തര്‍ക്കും കിട്ടാന്‍ പോകുന്ന വിഷു കൈ നീട്ടം എത്ര രൂപയുണ്ടാകും എന്നതിനെ അനുസരിച്ചിരിക്കും ആ വര്‍ഷം നമ്മുടെ കൈയില്‍ വന്നു ചേരാനുള്ള പോക്കറ്റ് മണിയുടെ കനവും. ഇതാണ് വിഷു ഓര്‍മ്മകള്‍
കൊന്നപ്പൂക്കള്‍ വീണ്ടും തളിര്‍ക്കുന്നു, ഒരു ഗൃഹാതുരതയുടെ നോവുന്ന
ഓര്‍മ്മയുടെ തന്ത്രികള്‍ വീണ്ടും മീട്ടിക്കൊണ്ട്. വരണ്ടു പോകുന്ന ഗ്രാമസംസ്കാരത്തിന്റെ ഈ തീരത്ത് ഞാന്‍ മനസില്‍ സൂക്ഷിച്ച ഒരല്പം
നാട്ടുവെളിച്ചത്തിന്റെ തെളിച്ചം കൊണ്ട് വിഷുപ്പുലരികള്‍ വീണ്ടും
എന്നിലേക്ക് ഓടിയടുക്കുന്നു. സ്വപ്നങ്ങളും ചിന്തകളും ഗാഢമായ
ആഭിമുഖ്യങ്ങളുമെല്ലാം തിരക്കില്‍ നിന്നും സാമ്പത്തിക കഷ്ടപ്പാട് പലരെയും തള്ളിമാറ്റുന്നുണ്ട്. അപ്പൂപ്പന് താടി പോലെ കനം
കുറഞ്ഞ മലയാള സംസ്കാരം ചുമക്കുന്ന ഇന്നിന്റെ യുവതയ്ക്ക് ഓര്‍ക്കാനൊന്നുമില്ല. പക്ഷേ ഓര്‍മകളുടെ വസന്തകാലങ്ങളില്‍ ഞാന്‍
നേടിയെടുത്തിരുന്ന എന്റെ വിഷുക്കൈനീട്ടങ്ങള്‍, അവയുടെ മൂല്യം ഞാന്‍
തിരിച്ചറിയുന്നത് ഇപ്പോളാണ്. പഴയ കാലത്തെ നല്ല നല്ല ഓര്‍മ്മകള്‍ വീണ്ടും എന്നെ ചുറ്റിവരിയാന്‍ തുടങ്ങുന്നതിനു മുന്‍പ് ആ ശ്വാസം മുട്ടലുകളില്‍ നിന്നുമുള്ള ഒരു തൽക്കാല രക്ഷ എന്ന നിലയില്‍ ഞാനും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ക്ഷമിക്കണം ! നമ്മള് ഒരുങ്ങി കഴിഞ്ഞിരിക്കുന്നു, വീണ്ടും ഒരു സദ്യാഘോഷം നടത്താന്‍… കോവിഡ് മഹാമാരിമൂലം സാമ്പത്തികമായി എല്ലാരും പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിലാണ് വിഷു കടന്നു വന്നിരിക്കുന്നത്. ആഘോഷങ്ങൾക്കും കൂട്ടിച്ചേരലുകൾക്കും അതുണ്ടാക്കുന്ന പരിമിതികളുണ്ട് എന്നത് സങ്കടകരമാണ്.. കോവിഡ് എന്ന മഹാമാരി ഇപ്പോളും പൂർണ്ണമായി വിട്ടുപോയിട്ടില്ല. രോഗവ്യാപനത്തിനിടയാക്കുന്ന സാഹചര്യങ്ങൾ എല്ലാവരും ഒഴിവാക്കി വിഷുക്കാലം നൽകുന്ന ഒരുമയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് ഈ മഹാമാരിയെ നമുക്ക് പൂർണ്ണമായും മറികടക്കേണ്ടതുണ്ട്. സന്തോഷത്തോടെ കുടുംബാംഗങ്ങളോടൊപ്പം ഈ ദിവസം ആഘോഷിക്കാം. എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു…
വിവേക് വയനാട്