കെ സ്വിഫ്റ്റ് സർവീസുകൾക്ക് തുടക്കം; മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും

Kerala

തിരുവനന്തപുരം: കെ സ്വിഫ്റ്റ് സർവീസുകൾ ഇന്ന് ആരംഭിക്കും. കെ എസ് ആർ ടി സിയിൽ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ, സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റിന്റെസർവീസുകൾ ഇന്ന് തുടങ്ങുകയാണ്. മുഖ്യമന്ത്രി ആദ്യ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലേക്കാണ് ആദ്യ സർവീസ്.സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. 20 ബസുകൾ എ സി സെമി സ്ലീപ്പറുകളാണ്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. അന്തർ സംസ്ഥാന സർവീസുകൾക്കാണ് കെ സ്വിഫ്റ്റിലെ കൂടുതൽ ബസുകളും ഉപയോ​ഗിക്കുക. അതേസമയം ഇന്ന് കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ ട്രേഡ് യൂണിയന്‍ അറിയിച്ചു

കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരുന്നു. നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്ന നിർദേശത്തോടെയാണ് നിയമനവുമായി മുന്നോട്ട് പോകാൻ സർക്കാർ കെ സ്വിഫിറ്റിന് അനുമതി നൽകിയത്. നിയമനത്തിൽ എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കെ സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പുതിയ കമ്പനിയുടെ മുന്നോട്ടുള്ള പോക്ക് ആദ്യം പ്രതിസന്ധിയിലായത്. 

എന്നാല്‍ പ്രതിപക്ഷ ട്രേഡ് യൂണിയനുകളായ ടിഡിഎഫും, കെഎസ്ടി എംപ്ളോയീസ് സംഘും ആണ് പദ്ധതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.കെഎസ്ആര്‍ടിസിയുടെ റൂട്ടോ ബസ്സോ മറ്റൊരു കമ്പനിക്ക് കൈമാറാന്‍ നിയമമില്ല എന്നായിരുന്നു പ്രധാന വാദം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ബസ്സ് സ്വതന്ത്ര കമ്പനിക്ക് നല്‍കുന്നത് സ്റ്റേററ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസെ തകര്‍ക്കുമെന്നും ആക്ഷേപം ഉയര്‍ന്നു. ഈ സഹാചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി. റൂട്ടും ബസ്സും കൈമാറില്ല. പകരം കെ സ്വിഫ്റ്റ് വാങ്ങുന്ന ബസ്സുകള്‍ കെഎസ്ആര്‍സിക്ക് വാടകക്ക് നല്‍കും എന്നാണ് പുതിയ നിലപാടായി ഹൈക്കോടതിയിൽ അറിയിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *