ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഒടുവിൽ പുറത്തായി. നാഷനൽ അസംബ്ലിയിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ ഇംറാൻ ഖാൻ പരാജയപ്പെട്ടു. 342 അംഗ പാർലമെന്റിൽ 140ൽതാഴെ വോട്ടുകൾ മാത്രമാണ് ഇംറാന് ലഭിച്ചതെന്നാണ് സൂചന. ഇംറാൻ ഖാൻ വീട്ടുതടങ്കലിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് പരിഗണനക്കെടുത്ത അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് പകൽ മുഴുവനും നീണ്ട അനിശ്ചിതാവസ്ഥക്കൊടുവിൽ രാത്രി വൈകിയാണ് ആരംഭിച്ചത്. പാക് സർക്കാറിനെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാകാൻ താൽപര്യമില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചതിന് പിന്നാലെ ചുമതലയേറ്റ മുതിർന്ന അംഗം അയാസ് സാദിഖിന്റെ നേതൃത്വത്തിലായിരുന്നു വോട്ടിങ്.
വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ഭരണപക്ഷ നീക്കത്തിൽ അതൃപ്തനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അർധരാത്രി തന്നെ കേസ് പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. കോടതി വാതിലുകൾ അർധരാത്രി 12 മണിക്ക് തുറക്കാൻ ചീഫ് ജസ്റ്റിസ് ജീവനക്കാർക്ക് നിർദേശം നൽകി. ഇസ്‍ലാമാബാദ് ഹൈകോടതിയും തുറക്കാൻ തീരുമാനിച്ചു. കോടതികളുടെ ഈ അസാധാരണ നീക്കത്തിന് പിന്നാലെയാണ് പാർലമെന്റിൽ വോട്ടിങ്ങിന് ഭരണപക്ഷം വഴങ്ങിയത്.
നാഷനൽ അസംബ്ലിയിൽ ശനിയാഴ്ച രാവിലെ അവിശ്വാസ പ്രമേയത്തിലുള്ള ചർച്ച ആരംഭിച്ചെങ്കിലും ഇടക്ക് രണ്ടുതവണ നിർത്തിവെച്ചു. ഒടുവിൽ ഇഫ്താറിനുശേഷം 7.30ഓടെ പാർലമെന്റ് നടപടികൾ പുനരാരംഭിച്ചെങ്കിലും സ്പീക്കർ ഇടപെട്ട് സഭാനടപടികൾ വീണ്ടും നിർത്തി. രാത്രി നമസ്കാരത്തിനുശേഷമാണ് സഭ പിന്നീട് ചേർന്നത്.
342 അംഗ നാഷനൽ അസംബ്ലിയിൽ ആഴ്ചകൾക്കുമുമ്പേ ഇംറാന് ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. വോട്ടെടുപ്പ് ഒഴിവാക്കാനുള്ള ഇംറാന്റെ സകലനീക്കങ്ങളും സുപ്രീംകോടതി ഇടപെടലിനെ തുടർന്നാണ് പരാജയപ്പെട്ടത്.
അവിശ്വാസപ്രമേയത്തിൽ പരാജയപ്പെടുമെന്ന് ഉറപ്പായ ഇംറാൻ, അതിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞയാഴ്ച പാർലമെന്റ് പിരിച്ചുവിട്ടിരുന്നു. പിന്നാലെ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി, പാർലമെന്റ് പുനഃസ്ഥാപിക്കുകയും ശനിയാഴ്ചതന്നെ ചർച്ചയും വോട്ടെടുപ്പും നടത്താൻ ഉത്തരവിടുകയുമായിരുന്നു.