കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പുതിയ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നറിയുന്നു. കാവ്യയ്ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കാവ്യ മാധവനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈകോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്.
ദിലിപിന്‍റെ ബന്ധു സുരജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകളാണ് പുതുതായി പുറത്ത് വന്നിരിക്കുന്നത്. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരജ് പറയുന്നത്. ഇതോടെ, നടിയെ ആക്രമിച്ച കേസിൽ കാവ്യക്ക് ശബ്ദരേഖ കുരുക്കാകുമോയെന്ന ചോദ്യം ശക്തമാണ്. നടിയെ ആക്രമിച്ച കേസിൽ തിങ്കളാഴ്്ച നടക്കുന്ന ചോദ്യം ചെയ്യൽ നിർണായകമാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.