ഇമ്രാന്‍ഖാന് ഇന്ന് നിര്‍ണായക ദിനം

International

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നേരിടും. സുപ്രീംകോടതി നിര്‍ദേശപ്രകാരം രാവിലെ പ്രാദേശികസമയം പത്തരയ്ക്കാണ് പാക് ദേശീയ അസംബ്ലി ചേരുക. അതിനിടെ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ അമേരിക്കയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചു. നാളെ രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ ജനങ്ങളോട് ആഹ്വാനവും ചെയ്തു. ഇന്ത്യയുടെ വിദേശനയത്തെയും ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചു.

342 അംഗ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണമുന്നണയിിലെ പ്രധാന പാര്‍ട്ടികളായിരുന്ന എം.ക്യു.എം–പിയും ബി.എ.പിയും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവിശ്വാസം പാസാവാനാണ് സാധ്യത. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ച ശേഷമെ സഭ പിരിയാവു എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ കഴിഞ്ഞദിവസത്തെപ്പോലെ നാടകീയ സംഭവങ്ങളും ഉണ്ടാവാന്‍ ഇടയില്ല. അതേസമയം ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത ഇമ്രാന്‍ ഖാന്‍ പ്രതിപക്ഷത്തെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

അമേരിക്കയുമായി ചേര്‍ന്ന് പ്രതിപക്ഷം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു. അമേരിക്കയുടെ താല്‍പര്യത്തിന് വഴങ്ങുകയാണ് പ്രതിപക്ഷം. ഇമ്രാന്‍ ഖാനെ പുറത്താക്കണമെന്ന് പാക്കിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയോട് അമേരിക്കന്‍ പ്രതിനിധി നേരിട്ട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്‍എന്നും അടിമയായിരിക്കണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. ഇത് അംഗീകരിക്കരുതെന്ന് പറഞ്ഞ ഇമ്രാന്‍ ഞായറാഴ്ച ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തു. അതേസമയം ഇന്ത്യയുടെ വിദേശനയത്തെ ഇമ്രാന്‍ ഖാന്‍ പുകഴ്ത്തിയത് ശ്രദ്ധേയമായി., ഇന്ത്യക്ക് സ്വതന്ത്ര വിദേശനയമുണ്ട്. ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയോ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയോ ചെയ്യില്ലെന്നും പാക്കിസ്ഥാന് പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *