ദില്ലി: കൊവിഡ് കേസുകളിൽ നേരിയ വർധന ഉണ്ടായതിന് പിന്നാലെ ആണ് ജാഗ്രതാ മുന്നറിയിപ്പുമായി കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. കൊവിഡ് വ്യാപന തോത് സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കേരളത്തില്‍ 353 പേര്‍ക്ക് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, മലപ്പുറം 7, വയനാട് 7, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,614 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 72 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,339 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 325 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 46, കൊല്ലം 16, പത്തനംതിട്ട 29, ആലപ്പുഴ 10, കോട്ടയം 43, ഇടുക്കി 19, എറണാകുളം 75, തൃശൂര്‍ 21, പാലക്കാട് 2, മലപ്പുറം 11, കോഴിക്കോട് 31, വയനാട് 9, കണ്ണൂര്‍ 8, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2351 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.