ഇസ്ലാമാബാദ്: ഇമ്രാൻ സർക്കാരിനെതരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചർച്ചയ്ക്കെടുക്കും മുമ്പ് പാകിസ്ഥാനിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ തുടങ്ങി. ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ച ഇമ്രാൻ ഖാൻ, സന്ധ്യയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കന്നതിനു മുമ്പായി തലസ്ഥാനത്തെത്താൻ പാർട്ടി എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും. അതേ സമയം ഭരണകക്ഷി യിലെ അടക്കം കൂടുതൽ എംപിമാരെ തങ്ങളുടെ പാളയിത്തിലെത്തിക്കാനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ.
പാകിസ്ഥാനില്‍ ഇമ്രാന് ഖാന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി ഇമ്രാൻഖാൻ എതിരായതോടൊണ് വീണ്ടും അവിശ്വാസപ്രമേയം ദേശീയ അസംബ്ലിയിൽ ചർച്ചയ്ക്കെടുക്കുന്നത്.
വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാന് ആവില്ലെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ക്വസിം സൂരിയുടെ നിലപാട്. അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. അതിന് ശേഷമാണ് ഇമ്രാൻ ഖാൻ പ്രസിഡൻ്റിനെ കണ്ട് അസംബ്ലി പിരിച്ച് വിടാൻ ആവശ്യപ്പെട്ടതും രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതും. ഈ നീക്കത്തിനാണ് സുപ്രീംകോടതി വിധി തിരിച്ചടിയായിരിക്കുന്നത്.