മീനങ്ങാടി:ജില്ല ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയില്‍ ലോകാരോഗ്യ ദിനാചരണം നടത്തി. മീനങ്ങാടി സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളില്‍ നടന്ന ലോകാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനവും സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷത വഹിച്ചു.
നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഭൂമിയേയും, കാലാവസ്ഥയേയും പ്രകൃതിയേയും സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തിലൂടെ മാത്രമേ മനുഷ്യന് നിലനില്‍പ്പുള്ളൂ എന്ന വലിയ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ മരം നടല്‍, പ്രകൃതി സംരക്ഷണ പ്രതിജ്ഞ, ദിനാചരണ സന്ദേശം എന്നിവ നടന്നു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന വൃക്ഷത്തൈ വിതരണോദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനക്ക് നല്കി നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ദിനാചാരണ സന്ദേശം നല്കി. തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനവും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തെ അധികരിച്ച് പൂക്കോട് വെറ്റിനറി കോളജ് വന്യജീവി സ്റ്റഡീസ് സെന്റര്‍ മേധാവി ഡോ. ജോര്‍ജ് ചാണ്ടി ക്ലാസെടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയാ സേനന്, ജില്ലാ ടി ബി ഓഫീസര്‍ ഡോ. വി അമ്പു, ഡോ. കെ പി കുഞ്ഞിക്കണ്ണന്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ബാലന് സി സി, ഷാജി കെ എം, ഡോ. സുഷമ എന്നിവര്‍ സംസാരിച്ചു.