കൽപറ്റ: ജില്ലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പെയ്ത കനത്ത വേനൽമഴയിലും കാറ്റിലും വയനാടൻ കാർഷികമേഖലക്ക് കനത്ത നഷ്ടം. കാർഷിക വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ 25.74 കോടി രൂപയുടെ വിളനാശം സംഭവിച്ചു.
പച്ചക്കറികൾ, വാഴ, റബർ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകൾക്കാണ് കൂടുതൽ നാശം സംഭവിച്ചത്. കണിയാമ്പറ്റ, പനമരം, തരിയോട്, നൂൽപുഴ, കോട്ടത്തറ, പടിഞ്ഞാറത്തറ, മുട്ടിൽ, തവിഞ്ഞാൽ, വെള്ളമുണ്ട, പൂതാടി ഗ്രാമപഞ്ചായത്തുകളിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചതെന്ന് കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. ജില്ലയിലെ 3489 കർഷകരെയാണ് വേനൽമഴ പ്രതികൂലമായി ബാധിച്ചത്.
ജില്ലയിലെ വാഴക്കർഷകർക്കാണ് കൂടുതൽ നഷ്ടം സംഭവിച്ചത്. 200ലേറെ ഹെക്ടറിൽ കൃഷിചെയ്ത കുലച്ചതും അല്ലാത്തതുമായ 4,82,395 വാഴകൾ കാറ്റിൽ നിലംപൊത്തി.
2443 വാഴക്കർഷകർക്കായി 25.14 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. ഇതിനുപുറമെ ജില്ലയിൽ 3271 കവുങ്ങുകൾ നിലംപൊത്തി. 184 തെങ്ങുകളും നശിച്ചു. 1220 റബർ മരങ്ങളും വീണുപോയി. നാലു ഹെക്ടറിലെ നെൽകൃഷി നശിച്ചപ്പോൾ 9.8 ഹെക്ടറിലെ മരച്ചീനി കൃഷിയെയും മഴയും കാറ്റും ദോഷകരമായി ബാധിച്ചതായും അധികൃതർ പറഞ്ഞു.