ഇന്ന് വീണ്ടും മുല്ലപ്പെരിയാര്‍ ഹര്‍ജികൾ സുപ്രിംകോടതി പരിഗണിക്കും

Kerala

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും നിലപാട് കോടതി പരിശോധിക്കും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നതുവരെ ഡാം സുരക്ഷാ നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിക്കൊണ്ട് ഉത്തരവിറക്കാമെന്ന നിര്‍ദേശം കഴിഞ്ഞ തവണ കോടതി മുന്നോട്ടുവച്ചിരുന്നു.

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുമെന്നും സുപ്രിംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാന്‍ ഒരു വര്‍ഷമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. അതുവരെ മേല്‍നോട്ട സമിതിക്ക് തുടരാവുന്നതാണെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി നിര്‍ദേശം മുന്നോട്ടുവച്ചു.

സ്ഥിരം സമിതി രൂപീകരിക്കുന്നത് വരെ മേല്‍നോട്ട സമിതിക്ക് നിയമപരമായ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കാന്‍ കഴിയുമെന്ന് പറയണമെന്നാണോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. സ്ഥിരം സമിതി രൂപീകരണത്തിന് ഒരു വര്‍ഷമെടുക്കുമെന്ന് അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. അണക്കെട്ടിന്റെ ദൃഢത, ഘടന തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ ആയതിനാല്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമ പ്രകാരമുള്ള അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കുമെന്ന് കോടതി സൂചന നല്‍കി. കേരള തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണതോതില്‍ സജ്ജമാകുന്നതോടെ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അതോറിറ്റിക്ക് കൈമാറണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *