സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നും അറിയിച്ചു. തെക്കന്‍ ആന്റമാന് കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ ഇടയുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. മഴ പെയ്യുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്നും വീട്ടിലേക്ക് ചാഞ്ഞുനില്ക്കുന്ന മരച്ചില്ലകള്‍ വെട്ടിക്കളയണമെന്നും നിര്‍ദേശമുണ്ട്.
അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ സഹായത്തിനായി 1077 എന്ന നമ്പരില്‍ വിളിക്കണം. വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടിവീണാല്‍ 1912,1077 എന്നീ നമ്പരുകളില്‍ വിളിച്ച് വിവരം അറിയിക്കണം. കാറ്റ് വീശിത്തുടങ്ങുമ്പോള്ത്തന്നെ വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് വീടുകളില്‍ സുരക്ഷിതമായി തുടരണം.