തിരുവനന്തപുരം: 2022-23 വർഷത്തെ കേരള മെഡിക്കൽ/ എൻജിനീയറിങ് കോഴ്സ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് തുടങ്ങും. www.cee.kerala.gov.inൽ ഏപ്രിൽ 30ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. അനുബന്ധ രേഖകൾ ഓൺലൈനായി മേയ് 10 വരെ സമർപ്പിക്കാം.
എൻജിനീയറിങ്/ ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷ ജൂൺ 26ന് രാവിലെയും ഉച്ചക്ക് ശേഷവുമായി നടക്കും. അഡ്മിറ്റ് കാർഡ് ജൂൺ 10 മുതൽ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. മുംബൈ, ഡൽഹി, ദുബൈ എന്നിവിടങ്ങളിലും പരീക്ഷകേന്ദ്രങ്ങളുണ്ടാകും. ജൂലൈ 25നകം ഫലം പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 15നകം റാങ്ക് പട്ടികയും.
എൻജിനീയറിങ്, ആർക്കിടെക്ചർ, ബി.ഫാം, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ് (ആയുർവേദം), ബി.എച്ച്.എം.എസ് (ഹോമിയോപ്പതി), ബി.എസ്.എം.എസ് (സിദ്ധ), ബി.യു.എം.എസ് (യൂനാനി), അഗ്രികൾചർ, വെറ്ററിനറി, ഫിഷറീസ്, ഫോറസ്ട്രി, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ൈക്ലമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ സമർപ്പണം. എല്ലാ കോഴ്സുകളിലേക്കും ഒരു അപേക്ഷ മതി. അഞ്ച് ഘട്ടമായാണ് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ടത്. അപേക്ഷ സമർപ്പണം പൂർത്തിയാകുമ്പോൾ അക്നോളജ്മെൻറ് പേജിന്റെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം.
സാമുദായിക സംവരണം ആവശ്യമുള്ള എസ്.ഇ.ബി.സി വിഭാഗത്തിലുള്ളവർ വില്ലേജ് ഓഫിസറിൽനിന്ന് നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. പട്ടികജാതി/ വർഗ സംവരണത്തിന് അർഹതയുള്ളവർ തഹസിൽദാരിൽനിന്ന് ജാതി സർട്ടിഫിക്കറ്റ് വാങ്ങി അപ്ലോഡ് ചെയ്യണം. മറ്റ് അർഹ സമുദായത്തിൽ (ഒ.ഇ.സി) നിന്നുള്ളവർ പഠനാവശ്യങ്ങൾക്ക് വില്ലേജ് ഓഫിസറിൽനിന്നുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
നോൺക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത ഒ.ഇ.സി അപേക്ഷകർ വില്ലേജ് ഓഫിസറിൽനിന്ന് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായുള്ള സമുദായ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. എസ്.എസ്.എൽ.സി/ വിദ്യാഭ്യാസരേഖയിൽ ജാതി/ സമുദായം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സമുദായ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും. ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളജുകളിലെ മൈനോറിറ്റി ക്വോട്ട സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ (മുസ്ലിം/ ക്രിസ്ത്യൻ) വില്ലേജ് ഓഫിസറിൽനിന്നുള്ള കമ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നവർ കമ്യൂണിറ്റി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല. അപേക്ഷകന്റെ എസ്.എസ്.എൽ.സി/വിദ്യാഭ്യാസ രേഖയിൽ മതം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ കമ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കും.
എൻജിനീയറിങ്/ ഫാർമസി പ്രവേശനത്തിന് ജനറൽ വിഭാഗത്തിന് 700 രൂപയും എസ്.സി വിഭാഗത്തിന് 300 രൂപയുമാണ് ഫീസ്. ആർക്കിടെക്ചർ/ മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്ക് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്. മുഴുവൻ സ്ട്രീമിലേക്കും ഒന്നിച്ച് അപേക്ഷിക്കാൻ ജനറൽ വിഭാഗത്തിന് 900 രൂപയും എസ്.സി വിഭാഗത്തിന് 400 രൂപയുമാണ് ഫീസ്. എസ്.ടി വിഭാഗത്തിന് ഫീസില്ല. ദുബൈ പരീക്ഷ കേന്ദ്രം തെരഞ്ഞെടുക്കുന്നവർ 12,000 രൂപ അധികമായി അടക്കണം. വിശദാംശങ്ങൾ അടങ്ങിയ പ്രോസ്പെക്ടസ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in, www.cee-kerala.org വെബ്സൈറ്റുകളിൽ ‘KEAM 2022’ ലിങ്കിൽ ലഭ്യമാണ്.