നാടിന്റെ സമഗ്ര വികസനം; സമൂഹം മാറ്റത്തെ ഉള്‍ക്കൊള്ളണം;മന്ത്രി സജി ചെറിയാന്‍

Wayanad

നാടിന്റെ സമഗ്ര വികസനത്തിനായി ജനങ്ങള്‍ മാറ്റത്തെ ഉള്‍ക്കൊള്ളണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലെ എക്‌സറേ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന മുന്നേറ്റത്തെ പരമാവധി എത്തിപ്പിടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഭൂതപൂര്‍വ്വമായ വികസനമുന്നേറ്റത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ആര്‍ദ്രം പദ്ധതിയിലൂടെ സര്‍ക്കാര്‍ ആതുരാലയങ്ങളുടെ മുഖം ആകെ മാറി. ഏഴായിരത്തോളം ജീവനക്കാരെയാണ് കഴിഞ്ഞ ആറു വര്‍ഷക്കാലയളവില്‍ ആരോഗ്യ മേഖലയില്‍ മാത്രം നിയമിച്ചത്. സ്വകാര്യ ആശുപത്രികളെ പോലും വെല്ലുന്ന വിധത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുങ്ങി. പൊതുജനാരോഗ്യ സംരക്ഷണത്തിന് എക്കാലത്തെയും വലിയ മുന്നേറ്റമാണിത്. അതിനൊപ്പം ജനകീയ പരിശ്രമങ്ങള്‍ ആതുരാലയങ്ങളെ കൂടുതല്‍ സൗകര്യങ്ങളുള്ള ഇടമാക്കി മാറ്റുന്നു.

റോഡുകള്‍ പാലങ്ങള്‍ വിദ്യാലയങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്നിലാണ് ഇന്ന് കേരളം. വാഹനങ്ങള്‍ അനുദിനം പെരുകുന്നു. ഇതിനനുസരിച്ച് ഇവിടെ സൗകര്യങ്ങളും അനിവാര്യമാണ്. നാടിന്റെ ആകെ സമഗ്രമായ ഭാവിയെ ലക്ഷ്യം വെച്ചാണ് കെ റെയില്‍ പദ്ധതിയും മുന്നോട്ടു കൊണ്ടുപോകുന്നത്. വികസനത്തിന്റെ ഭാഗമായി കുറച്ച് പേര്‍ക്ക് നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കും. രാഷ്ട്രീയ കക്ഷിഭേദമന്യേ നാടിന്റെ നല്ല ഭാവിക്കായി എല്ലാവരും അണിനിരക്കേണ്ട സമയമാണിതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച നിരീക്ഷണ വാര്‍ഡ് ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ശുചിമുറി സമുച്ചയത്തിന്റെ ശിലാസ്ഥാപനം കര്‍മ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ വി.കെ.മുഹമ്മദ് സയ്യിദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ സി.എം.അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കല്ല്യാണി, സീനത്ത് വൈശ്യന്‍, കെ.ബാലന്‍, ഇ.കെ.സല്‍മത്ത്, പി.കെ.അമീന്‍, പി.ചന്ദ്രന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ.അസീസ്, അമ്മദ് കൊടുവേലി, പി.രാധ തുടങ്ങിയവര്‍ സംസാരിച്ചു. വെള്ളമുണ്ടയിലെ ആതുരസേവനത്തില്‍ വ്യക്തി മുദ്രപതിപ്പിച്ച ഡോ. മൊയ്തു, അന്നക്കുട്ടി സിസ്റ്റര്‍, നെഹ് ല ഫൗണ്ടേഷന്‍, അല്‍കരാമ മമ്മൂട്ടി, റഫീഖ് തോക്കന്‍, മരയ്ക്കാര്‍ തേറ്റമല, ഇസ്മയില്‍ ബപ്പനം, നജ്മുദ്ദീന്‍, അബൂട്ടി കുനിങ്ങാരത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *