കർണാടകയിൽ ഹിജാബ് നിരോധനത്തെ തുടർന്ന് 22063 വിദ്യാർഥികൾക്ക് പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനായില്ല. കലബുറഗി ജില്ലയിലാണ് കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാതിരുന്നത്. പരീക്ഷാ ഹാളിൽ വിദ്യാർഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിച്ച ഏഴ് അധ്യാപകരെ സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
മാർച്ച് 28 നാണ് സംസ്ഥാനത്ത് പത്താംതരം പരീക്ഷ ആരംഭിച്ചത്. ഏപ്രിൽ 11 വരെ പരീക്ഷ നീണ്ടുനിൽക്കും. 869399 വിദ്യാർഥികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വകാര്യമായി പഠിക്കുന്നവർക്കാണ് പരീക്ഷ മുടങ്ങിയതെന്നും സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നവർ അവസരം കിട്ടിയിട്ടുണ്ടെന്നുമാണ് അധികൃതർ പറയുന്നത്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച വിദ്യാലയങ്ങളിൽ നിന്നുള്ള വീഡിയോ ചിലർ പ്രചരിപ്പിച്ചതോടെയാണ് അധ്യാപകർക്കെതിരെ നടപടിയുണ്ടായത്.
