വയനാട് മെഡിക്കൽ കോളേജ് വയനാട്ടിലെ ജനങ്ങളുടെ സൗകര്യാർത്ഥം മടക്കിമലയിൽ തന്നെ വേണം എന്നുള്ളതാണ് പാർട്ടിയുടെ നിലപാടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധു പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ജനപ്രതിനിധികളും എല്ലാ രാഷ്ട്രീയ പാർട്ടികളും മടക്കിമലയിൽ മെഡിക്കൽ കോളേജ് വരുന്നതിനെ സ്വാഗതം ചെയ്തിരുന്നു. എന്നുമാത്രമല്ല തുടർന്നുവന്ന എൽഡിഎഫ് ഗവൺമെന്റിലെ ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ഷൈലജ മടക്കിമലയിൽ മെഡിക്കൽ കോളേജിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മടക്കിമലയിൽ തന്നെ മെഡിക്കൽ കോളേജ് കൊണ്ടുവരുമെന്ന് അന്നത്തെ കൽപ്പറ്റ മണ്ഡലം എംഎൽഎ ആയിരുന്ന സി.കെ.ശശീന്ദ്രൻ ആവർത്തിച്ച് നിലപാട് വ്യക്തമാക്കുകയും ചെയ്തതാണ്. എന്നാൽ ഇപ്പോൾ സിപിഎം നിലപാട് മാറ്റി മാനന്തവാടിയിലെ ബോയ്‌സ് ടൗണിലേക്ക് മെഡിക്കൽ കോളജ് നിർമ്മാണം മാറ്റിയതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. കൽപ്പറ്റ, ബത്തേരി മണ്ഡലങ്ങൾ എൽഡിഎഫ്‌നെ കൈവിട്ട പശ്ചാത്തലത്തിൽ സിപിഎമ്മിനെ പിന്തുണച്ച മാനന്തവാടി മണ്ഡലവും കണ്ണൂർ ലോബിയുടെ കടുംപിടുത്തവുമാണ് സിപിഎമ്മിനെ നയം മാറ്റത്തിന് കാരണമായത് എന്നും കെ.പി.മധു പറഞ്ഞു. എന്നാൽ ജില്ലയിലെ ജനങ്ങളുടെ സൗകര്യാർത്ഥം വയനാട് മെഡിക്കൽ കോളജ് മടക്കിമലയിൽ തന്നെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.