മലപ്പുറം: റമദാൻ ആരംഭിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വർധിക്കുന്നു.അത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു. പച്ചക്കറി, അരി, പഴവർഗങ്ങൾ, ഇറച്ചി എന്നിവക്ക് ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. പാചകവാതകം, പെട്രോൾ, ഡീസൽ, ബസ് ചാർജ്, ഓട്ടോ ചാർജ് എന്നിവയുടെ വിലയിൽ കഴിഞ്ഞയാഴ്ചയുണ്ടായ വർധന കച്ചവടക്കാരെ വില വർധിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും അയൽ സംസ്ഥാനങ്ങളെയാണ് പ്രധാനമായും ജില്ല ആശ്രയിക്കുന്നത്. അവിടെനിന്ന് ലോറികളിലും മറ്റും സാധനങ്ങൾ ഇവിടെ എത്തിക്കാനുള്ള ചെലവ് ഇന്ധന വിലവർധന കാരണം കൂടിയിട്ടുണ്ട്.