ഇസ്ലാമാബാദ്:അവിശ്വാസപ്രമേയം ഭരണഘടനയ്ക്കെതിരാണെന്ന് അഭിപ്രായപ്പെട്ട് സ്പീക്കര്‍ തളളിയതോടെ ഇമ്രാന് ആശ്വാസം.ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ഇമ്രാന്റെ നിര്‍ദ്ദേശം പാക് പ്രസിഡന്റ് ആരിഫ് ആല്‍വി നടപ്പാക്കി.ദേശീയ അസംബ്ലി പ്രസിഡന്റ് പിരിച്ചുവിട്ടു. ഇമ്രാന്റെ അപ്രതീക്ഷിത ബൗണ്‍സറില്‍ പതറിപ്പോയ പാകിസ്ഥാനിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിക്കാനുളള തയ്യാറെടുപ്പിലാണ്. തിരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ഇമ്രാന് പാര്‍ട്ടി അംഗങ്ങളോട് ആഹ്വാനം ചെയ്തു.
തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ അജണ്ടയാണെന്ന് ഇമ്രാന് ആരോപിച്ചിരുന്നു. വിദേശ ശക്തികളല്ല രാജ്യത്തെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. പ്രമേയത്തിന് അനുമതി നിഷേധിച്ച സ്പീക്കര്‍ക്ക് നന്ദിയുണ്ടെന്നും ഇമ്രാന് ഖാന് പറഞ്ഞു.
അവസാന നിമിഷം ചില അത്ഭുതങ്ങള്‍ നടക്കുമെന്നും താന്‍ തന്നെ അധികാരത്തില്‍ തുടരുമെന്നും കഴിഞ്ഞ ദിവസം ഇമ്രാന് ഖാന് പറഞ്ഞിരുന്നു. പാര്‍ലമെന്റിന് മുന്നില്‍ തനിക്കനുകൂലമായി ലക്ഷം ജനങ്ങളെ അണിനിരത്തുമെന്ന ഇമ്രാന്റെ ഭീഷണി കണക്കിലെടുത്ത് ഇസ്ളാമാബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദേശീയ അസംബ്ളി മന്ദിരത്തിന് ചുറ്റും സൈന്യത്തെ വിന്യസിച്ചു. പതിനായിരത്തോളം സൈനികരുടെ കനത്ത സുരക്ഷാ വലയത്തിലായിരുന്നു പാക് അസംബ്ളി മന്ദിരം. ഇതുവരെ ഇമ്രാനെ പിന്തുണച്ചിരുന്ന സൈന്യം ഇപ്പോള്‍ പിന്തുണയ്ക്കുന്നില്ല. തനിക്കെതിരെ അമേരിക്കയുടെ ഗൂഢാലോചനയെന്ന് ഇമ്രാന് ആരോപിച്ചതിനെ പാക് സൈനിക മേധാവി തളളിക്കളഞ്ഞിരുന്നു.