കേരള അഡ്മിനിസട്രേറ്റീവ് സര്‍വീസ് പൂര്‍ണമായും ജനറല്‍ മെറിറ്റിലേക്ക് മാറുന്നു. മൂന്നു സ്ട്രീമുകളിലായി നടത്തുന്ന പരീക്ഷ ആദ്യഘട്ടത്തില്‍ രണ്ടു സ്ട്രീമുകളായി മാറ്റാനും പിന്നീട് പൊതുമെറിറ്റിലേക്ക് മാത്രം മാറ്റാനുമുള്ള ചീഫ് സെക്രട്ടറിതല ശുപാര്‍ശ സര്‍ക്കാര്‍ പരിഗണിക്കുന്നു. സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലേക്കും കെ.എ.എസ് എത്തിയേക്കും.
നേരിട്ടുള്ള നിയമനം, നിലവിലുള്ള ജീവനക്കാരില്‍ നിന്ന് ട്രാന്‍സ്ഫര്‍ മുഖേനയുള്ള നിയമനം, ഗസറ്റഡ് പോസ്റ്റില്‍ നിന്നുമുള്‍പ്പെടെ മൂന്നു ധാരകളിലായിരുന്നു സംസ്ഥാനത്തെ ഉയര്‍ന്ന ഭരണസര്‍വീസായ കെ.എ.എസിലെ നിയമനം. നിലവിലെ നിയമന രീതിയില്‍ മാറ്റം വേണമെന്നാണ് ചീഫ് സെക്രട്ടറി തല കമ്മിറ്റുയുടെ ശുപാര്‍ശ. ഐ.എ.എസിലേക്കുള്ള ഫീഡര്‍ തസ്തികയെന്ന നിലയില്‍ മിടുക്കരായ ജീവനക്കാരെ കിട്ടാന്‍ നേരിട്ടുള്ള നിയമനമാണ് ഏറ്റവും അഭികാമ്യമെന്നാണ് ചീഫ് സെക്രട്ടറിതല ശുപാര്‍ശ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന മൂന്നില്‍ രണ്ടുഭാഗം മൂന്നിലൊന്നായി പരിമിതപ്പെടുത്തണം. അതായത് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയ 105 പേരില്‍ 70 പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ളത് എന്നതില്‍ നിന്നു 35 പേരായി കുറയും. നേരിട്ടുള്ള നിയമനത്തില്‍ 70 പേരായി ഉയരും.അടുത്തഘട്ടത്തില്‍ ഇതു പൂര്‍ണമായും മെറിറ്റിലേക്ക് മാറ്റാനാണ് നിര്‍ദേശം. പ്രൊമോഷന്‍ പോസ്റ്റില്‍ നഷ്ടപ്പെടുന്ന തസ്തികള്‍ക്ക് പകരമായാണ് നിലവിലുള്ള ജീവനക്കാര്‍ക്ക് രണ്ട് സ്ട്രീമിലൂടെ അവസരം നല്‍കിയത്. ചീഫ് സെക്രട്ടറിതല കമ്മിറ്റിയില്‍ ധന, പൊതുഭരണ,ഐ.ടി, പിആന്‍റ് എ സെക്രട്ടറിമാര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്.29 വകുപ്പുകളിലെ രണ്ടാംഗസറ്റഡ് പോസ്റ്റിലാണ് കെ.എ.എസുകാര്‍ക്ക് നീക്കിവെച്ചത്. നിലവില്‍ ഈ ഒഴിവുകളില്‍ കെ.എ.എസുകാര്‍ എത്തിക്കഴിഞ്ഞു. ഇനി ഒഴിവുകള്‍ സൃഷ്ടിക്കുകയോ,ബാക്കിയുള്ള 80 വകുപ്പുകളില്‍ നിന്നു കണ്ടെത്തുകയോ ചെയ്യേണ്ടി വരും. ഇതിലും ടെക്നിക്കല്‍ തസ്തികളില്‍ കെ.എ.എസുകാരെ നിയമിക്കാന്‍ കഴിയില്ല.