തൊണ്ണൂറ്റിനാലാമത് ഓസ്‍കര്‍ അവാര്‍ഡില്‍ മികച്ച നടനായി വില്‍ സ്‍മിത്തിനെയും ജെസിക്ക ചസ്റ്റൈൻ മികച്ച നടിയായും തിരഞ്ഞെടുത്തു. ‘കോഡ’ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയായി ‘ദ പവര്‍ ഓഫ് ഡോഗി’ലൂടെ ജേൻ കാപിയനും തെരഞ്ഞെടുക്കപ്പെട്ട ഇത്തവണത്തെ ഓസ്‍കറില്‍ ഒട്ടേറെ പുതുമകളുമുണ്ടായി (Oscars 2022).
ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛൻ റിച്ചാർഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്‍മിത്തിനെ ആദ്യമായി ഓസ്‍കറിന് അര്‍ഹനാക്കിയത്. ‘കിംഗ് റിച്ചാര്‍ഡി’ലെ അഭിനയം മികച്ച നടനുള്ള ഓസ്‍കർ നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകുമെന്ന ബഹുമതിയാണ് വില്‍ സ്‍മിത്തിന് സമ്മാനിച്ചിരിക്കുന്നത്. ‘ദ അയിസ് ഓഫ് ടമ്മി ഫയേ’യിലെ പ്രകടനമാണ് ജെസിക്ക ചസ്റ്റൈനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകർപ്പൻ പ്രകടനമായിരുന്നു ജെസിക്ക ചസ്റ്റൈൻ കാഴ്‍ച വെച്ചത്.
അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ‘വെസ്റ്റ് സൈഡ് സ്റ്റോറി’യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന് ഉറക്കെ പറയുന്ന മുഖ്യധാര നടിയാണ് അരിയാന. അതുകൊണ്ടുതന്നെ അരിയാനയ്‍ക്ക് ഓസ്‍കര്‍ കിട്ടുമ്പോള്‍ എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് കൂടി പ്രചോദനമാകുന്നു.