പനമരം:മഹാ പ്രളയങ്ങളും കോവിഡ് ദുരന്തവും തകർത്തെറിഞ്ഞ കർഷക മേഖലയെ കൈപിടിച്ചുയർത്താനുള്ള നൂതന പദ്ധതികൾ ഉൾപ്പെടെ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പനമരം ഗ്രാമ പഞ്ചായത്തിന്റെ 2022- 23 വർഷത്തെ വാർഷിക ബഡ്ജറ്റ് 52.01 കോടി രൂപയുടെ വരവും 51.72 കോടിയുടെ ചെലവും28.65 ലക്ഷം രൂപ മിച്ചവുമുള്ള ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.തോമസ് പാറക്കാലായിൽ അവതരിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ഭവനരഹിതർക്കും വീട് എന്ന സാക്ഷാത്കാരത്തിനായി 2 കോടി രൂപയും കാർഷിക വികസന സേന രൂപീകരിക്കുന്നത് ഉൾപ്പെടെ കാർഷികരംഗത്തിന്റെ വികസനത്തിനായി 2 കോടി രൂപയും മുൻവർഷങ്ങളിലെ പ്രളയക്കെടുതികളിൽ നിന്നും പാഠം ഉൾക്കൊണ്ട് ദുരന്തനിവാരണ സേനയുടെ രൂപീകരണത്തിനായി 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. എല്ലാവർക്കും കുടിവെള്ളം എന്ന ലക്ഷ്യപ്രാപ്തിക്കായി ഒന്നര കോടി രൂപയും മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനുമായി 50 ലക്ഷം രൂപയും നീക്കിവെച്ചിരിക്കുന്നു. പഞ്ചായത്തിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമായ ക്കുന്നതിനും കൂടുതൽ റോഡുകൾ നിർമ്മിക്കുന്നതിനുമായി മുമ്പ് എങ്ങും ഇല്ലാത്ത വിധത്തിൽ 7 കോടിയോളം രൂപ നീക്കിവെച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്കായി 8 കോടി രൂപയും ടൂറിസം വികസനത്തിനായി 1 കോടി രൂപയും പഞ്ചായത്തിലെ സ്റ്റേഡിയം ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്നതിന് 5 കോടി രൂപയും നീക്കിവെച്ചിരിക്കുന്നു. ഒപ്പം പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 5 കോടിയോളം രൂപയും വൃദ്ധരുടെയും വനിതകളുടെയും കുട്ടികളുടെയും ഭിന്ന ശേഷിക്കാരുടെയും ക്ഷേമത്തിനായി 75 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പി എം ആസ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീമ മാനുവൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ ടി സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ക്രിസ്റ്റീന ജോസഫ്, മുൻ പ്രസിഡണ്ടുമാരായ ശ്രീ.മോഹനൻ, വാസു അമ്മാനി, പഞ്ചായത്ത് മെമ്പർ എം കെ രാമചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. ഷാജി സ്‌കറിയ നന്ദിയും പറഞ്ഞു.