മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു

Kerala

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (79) ഹൃദ്രോഗത്തെ തുടർന്ന് ഇന്ന് പുലർച്ചെ അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടർന്ന് കുറേക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് പേരുമല മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കം.

മൃതദേഹം രാവിലെ 11ന് കെപിസിസി ആസ്ഥാനത്തും 12ന് ഡിസിസി ഓഫിസിലും പൊതുദർശനത്തിനു വയ്ക്കും. രണ്ടു വട്ടം ലോക്സഭയിലേക്കും രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. .1945ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിനു സമീപമുള്ള തലേക്കുന്നു ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം ഇവാനിയോസ് കോളജ്, ലോ കോളജ് എന്നിവിടങ്ങിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984, 1987 വർഷങ്ങളിൽ ചിറയൻകീഴിൽനിന്നു ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1977ൽ കഴക്കൂട്ടം നിയമസഭ മണ്ഡലത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും എ.കെ.ആന്റണിക്കു വേണ്ടി നിയമസഭാംഗത്വം രാജിവച്ചു. 1977ലും 1979ലും രാജ്യസഭാംഗമായി.

തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ സഹകരണരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച തലേക്കുന്നിൽ ബഷീർ, അനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ, ഓളവും തീരവും, രാജീവ് ഗാന്ധി–സുര്യതേജസ്സിന്‍റെ ഓർമയ്ക്ക്, വളരുന്ന ഇന്ത്യ– തളരുന്ന കേരളം എന്നിവ പ്രധാന പുസ്തകങ്ങളാണ്. കൂടാതെ ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവയും ഉണ്ട്.കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ആദ്യ ചെയർമാൻ, മികച്ച പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ചിട്ടുണ്ട്. പ്രേംനസീറിന്‍റെ സഹോദരിയായ സുഹ്റയാണ് ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *