കോവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് വിനോദ സഞ്ചാരികളുടെ പറുദീസയായി മാറുകയാണ്. ദിവസേന ജില്ലയുടെ വിവിധ കോണുകളില്‍ നിന്നും നിരവധി വിനോദസഞ്ചാരികളാണ് കബനി നദിക്കരയില്‍ അണിയിച്ചൊരുക്കിയ പാര്‍ക്കിന്റെ ഭംഗി ആസ്വദിക്കാനായി എത്തിച്ചേരുന്നത്. വിശാലമായ പാത്ത് വേ, കുട്ടികളുടെ പാര്‍ക്ക്, കൃത്രിമ വെള്ളച്ചാട്ടം, കിയോസ്‌ക്കുകള്‍, കാന്റീന്‍ എന്നിവയാണ് 5 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പാര്‍ക്കിന്റെ പാര്‍ക്കിന്റെ പ്രധാന സവിശേഷതകള്‍. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്.
2021 ഫെബ്രുവരി 9 നാണ് രണ്ടാം ഘട്ട സൗന്ദര്യവത്ക്കരണം പൂര്‍ത്തിയാക്കി പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇടക്കാലത്ത് നിന്നു പോയ ബോട്ട് സര്‍വീസ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയായതിന് ശേഷം ഉടന്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. ഒ.ആര്‍ കേളു എം.എല്‍.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന ഓപ്പണ്‍ സ്റേറജിന്റെ നിര്‍മ്മാണവും പുരോഗമിക്കുന്നു. ഓപ്പണ്‍ സ്റ്റേജ് യാഥാര്‍ത്ഥ്യ മായാല്‍ വിവിധ വിനോദ പരിപാടികള്‍ക്ക് പാര്‍ക്ക് സാക്ഷ്യം വഹിക്കും. നിലവില്‍ അനുമോദന സമ്മേളനങ്ങള്‍, കൂടിച്ചേരലുകള്‍, വിവാഹ ഷുട്ടിംഗുകള്‍, സ്‌കൗട്ട് പ്രോഗ്രാമുകള്‍ എന്നിവക്ക് പാര്‍ക്ക് വേദിയാകുന്നുണ്ട്. സഞ്ചാരികള്‍ക്ക് പ്രീയപ്പെട്ട ഇടമായി പഴശ്ശി പാര്‍ക്ക് മാറുന്നുണ്ടെങ്കിലും അക്വേറിയം, റീഡിംഗ് ഹാള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍, ഡസ്റ്റ് ബിന്‍ എന്നിവ കുടി പാര്‍ക്കില്‍ ഒരുക്കിയാല്‍ പാര്‍ക്കിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിലവില്‍ 6 സ്ഥിരം ജീവനക്കാരാണ് പാര്‍ക്കില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പുറമെ 4 ദിവസവേതനക്കാരും 3 കുടുംബശ്രീ പ്രവര്‍ത്തകരും പാര്‍ക്കിന്റെ ഭാഗമാണ്.