റിലീസിനൊരുങ്ങി മാമുക്കോയയുടെ ‘ഉരു’

Wayanad

ബേപ്പൂരിലെ ഉരു നിര്‍മിക്കുന്ന തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കിയ ‘ഉരു’ സിനിമ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടന്നു. ഉരു നിര്‍മാണത്തിന്റെ പരമ്പരാഗത രീതിയെക്കുറിച്ച് പഠിച്ച ശേഷമാണ് സിനിമയ്ക്ക് തുടക്കം കുറിച്ചതെന്ന് സംവിധായകന്‍ ഇ എം അഷ്റഫ് പറഞ്ഞു.
പരമ്പരാഗത ഉരു നിര്‍മാണത്തിന്റെ ചരിത്രപശ്ചാത്തലം പകര്‍ത്തി വയ്ക്കുകയാണ് സിനിമ. സാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂര്‍ നിര്‍മ്മിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഇ എം അഷ്റഫ് രചനയും സംവിധാനവും നിര്‍വഹിച്ച ‘ഉരു’ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. ഇതിന് മുന്നോടിയായി സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടത്തി. ബേപ്പൂരില്‍ നിര്‍മിക്കുന്ന രണ്ടു ഉരുവിന്റെ മേല്‍നോട്ടത്തിനായി അറബിയുടെ പ്രതിനിധിയായി എത്തുന്ന റഷീദും മൂത്താശാരി ശ്രീധരനും അവിചാരിതമായി പ്രതിസന്ധിയില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

മാമുക്കോയയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആല്‍ബര്‍ട്ട് അലക്‌സ്, മഞ്ജു പത്രോസ്, അനില്‍ ബേബി, അജയ് കല്ലായി, അര്‍ജുന്‍, മന്‍സൂര്‍ പള്ളൂര്‍ തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍. പ്രഭാവര്‍മ ഗാനരചനയും കമല്‍ പ്രശാന്ത് സംഗീതസംവിധാനവും നിര്‍വഹിച്ചു. ശ്രീകുമാര്‍ പെരുമ്പടവം ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *