റഷ്യ – യുക്രൈന് യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ മധ്യസ്ഥതവഹിക്കണമെന്ന് യുക്രൈന് പ്രസിഡന്റ് വ്ലാദമിര്‍ സെലന്‍സ്കി. ജറുസലേമില്‍ വെച്ച് റഷ്യന്‍ പ്രസിഡിന്റ് വ്ലാദമിര്‍ പുട്ടിനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും സെലന്‍സ്കി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഏറ്റുമുട്ടല്‍ 17ആം ദിവസത്തിലേക്ക് കടന്നപ്പോഴും കിയവിനായുള്ള പോരാട്ടം തുടരുകയാണ്.
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും-യുക്രൈനും പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് റഷ്യന്‍ പ്രധാനമന്ത്രി പുട്ടിനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് യുക്രൈന് പ്രധാനമന്ത്രി സെലന്‍സ്കി അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് ചര്‍ച്ചക്ക് മധ്യസ്ഥതവഹിക്കണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധം 17ആം ദിവസത്തിലേക്ക് കടന്നതോടെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലും രൂക്ഷപോരാട്ടമാണ് നടക്കുന്നത്. കിയവില്‍ റഷ്യന്‍ സൈന്യം വന്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കിയവില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ റഷ്യന്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.
ഖാര്‍കിവ്, ചെര്‍ണീവ്, സുമി, മരിയുപോള്‍ നഗരങ്ങളും റഷ്യന്‍ സൈന്യം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. കിയവില്‍ സ്ത്രീകളെയും കുട്ടികളെയും ഒഴിപ്പിക്കുന്ന വാഹനവ്യൂഹത്തിന് നേരെ റഷ്യക്കാര്‍ വെടിയുതിര്‍ത്തു. ഒരു കുട്ടിയുള്‍പ്പെടെ ഏഴ് പേര് കൊല്ലപ്പെടുകയും ചെയ്തതായി യുക്രൈയിന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. നേരത്തെ സമ്മതിച്ച വഴിയിലൂടെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് സംഭവമെന്ന് യുക്രൈയിന് പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. തെക്ക് കിഴക്ക് മരിയുപോള്‍ നഗരത്തില്‍ വ്യാപകമായ നാശനഷ്ടം സംഭവിച്ചതായാണ് സാറ്റ് ലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. കെര്‍സന്‍ ഒബ്ലാസ്റ്റില്‍ രണ്ട് ഹെലികോപ്റ്ററുകള്‍ വെടിവച്ചിട്ടതായി യുക്രൈന് സായുധ സേന അറിയിച്ചു. ഇതിനോടകം 25 ലക്ഷത്തിലധികം ആളുകള്‍ യുക്രൈനില്‍ നിന്നും പലായനം ചെയ്തതായി കണക്കുകള്‍ പറയുന്നു.