ഫിഫാ ലോകകപ്പ്; ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ഏപ്രില്‍ 1ന് ദോഹയില്‍

International

ഫിഫാ ലോകകപ്പ് 2022ലെ വിശ്വ കാല്‍പ്പന്ത് അതികായര്‍ മാറ്റുരയ്ക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് തിരിവ് നറുക്കെടുപ്പ് ലോക ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ ഒന്നിന് ദോഹയില്‍ നടക്കും. ഏതൊക്കെ ടീമുകള്‍ ആരോടൊക്കെ ഏറ്റുമുട്ടുമെന്നതടക്കമുള്ള അവസാനഘട്ട മത്സരക്രമ പട്ടിക നറുക്കെടുപ്പോടെ അറിയാനാകും. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററാണ് ഈ നറുക്കെടുപ്പിന് വേദിയാവുക.
വിവിധ മേഖലകളില്‍ നിന്നുള്ള 2000 പ്രത്യേക അതിഥികളും അന്തിമ നറുക്കെടുപ്പിന് സാക്ഷ്യം വഹിക്കാന്‍ കണ്‍വന്‍ഷന്‍ സെന്ററിലെത്തും. സമാനതകളില്ലാത്ത നിലവാരത്തിലാണ് ലോകകപ്പിന്റെ മുന്നൊരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുന്നത്. ടൂര്‍ണമെന്റിന് വേദിയാവുന്ന എട്ട് സ്റ്റേഡിയങ്ങളും അവയുടെ അനുബന്ധ ക്രമീകരണങ്ങളും മികച്ച നിലവാരത്തിലാണ് ഖത്തറില്‍ പുരോഗമിക്കുന്നത്.ടൂര്‍ണമെന്റിന് വേദിയാവുന്ന എട്ട് സ്റ്റേഡിയങ്ങളും ദോഹയില്‍ നിന്നും ഒരുമണിക്കൂര്‍ കൊണ്ട് എത്താവുന്ന ദൂരത്തിലായതിനാല്‍, കാണികള്‍ക്ക് ഒരേദിവസം ഒന്നിലധികം മത്സരങ്ങള്‍ വീക്ഷിക്കാം. ആദ്യഘട്ട ടിക്കറ്റ് വില്പനയില്‍ തന്നെ 17 മില്യണ്‍ ടിക്കറ്റുകള്‍ക്കാണ് അപേക്ഷ ലഭിച്ചത്. മിഡില്‍ ഈസ്റ്റ് മേഖലയിലെ പ്രഥമ ഫുട്‌ബോള്‍ ലോകകപ്പ്, അറബ് മേഖലയ്ക്ക് മറക്കാനാവാത്ത അനുഭൂതി സമ്മാനിക്കുമെന്നതുറപ്പാണ്.
എണ്‍പതിനായിരം പേരെ വഹിക്കാന്‍ ശേഷിയുള്ള ലുസൈല്‍ സ്റ്റേഡിയത്തില്‍, ഡിസംബര്‍ 18ന് നടക്കുന്ന കലാശപ്പോരാട്ടത്തോടെ, 2022 ഫുട്‌ബോള്‍ ലോകത്തെ പുതിയ കിരീടാവകാശികള്‍ ആരെന്ന് അറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

Leave a Reply

Your email address will not be published. Required fields are marked *