പനമരം : പ്രളയവും കോവിഡുംമൂലം സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് ചികിത്സ ഉറപ്പുവരുത്താൻ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ അഭിപ്രായപ്പെട്ടു.
പനമരം ഗവ. എൽ.പി. സ്കൂളിൽ ഹോമിയോപ്പതി വകുപ്പ്, പനമരം ഗ്രാമപ്പഞ്ചായത്ത്, നാഷ്ണല്‍ ആയുഷ്മിഷന്‍, വയനാട് ജില്ലാ ഹോമിയോ ആശുപത്രി, പനമരം പൗരസമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല സൗജന്യ മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ രക്തപരിശോധന ക്യാമ്പും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പുകൾ ഉൾപ്രദേശങ്ങളിലേക്കടക്കം വ്യാപിപ്പിക്കേണ്ടതുണ്ട്. ഹോമിയോപ്പതിയുടെ ഗുണങ്ങളെ കുറിച്ച് അവബോധം വർധിപ്പിക്കുന്നതിനായി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആശുപത്രിയിൽ നല്‍കി വരുന്ന മുഴുവൻ സേവനങ്ങളും ഒരുക്കിയ ക്യാമ്പിൽ 254 പേർ ചികിത്സ തേടി. ചടങ്ങിൽ പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഇൻചാർജ് ഡോ. വിനീത ആർ. പുഷ്കരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ. അനീന ത്യാഗരാജ് പദ്ധതി വിശദീകരണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, കൺവീനർ റസാക്ക് സി. പച്ചിലക്കാട്, വാർഡംഗം കെ. സുനിൽകുമാർ, ആർ.എം.ഒ ഡോ. വി.റീന, മെഡിക്കൽ ഓഫീസർ ഡോ. എ.സി.രമ്യ തുടങ്ങിയവർ സംസാരിച്ചു.