കോഴിക്കോട്ട് യുവതി ബസിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ കം കണ്ടക്ടർക്ക് സസ്‌പെൻഷൻ. വി.കെ ജാഫറിനെയാണ് സസ്‌പെൻഡ് ചെയ്തത്. യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്ടർക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയായ യുവതിയെ സഹയാത്രികൻ മോശമായി സ്പർശിച്ചത്. ഉടൻ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേൾക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് അധ്യാപിക ചോദിച്ചു. അയാൾ സോറി പറഞ്ഞു. എന്നാൽ അയാൾ പിറകിൽ തന്നെയുള്ളതിനാൽ പേടി തോന്നിയെന്ന് അധ്യാപിക പറഞ്ഞു. പരാതി പരിഹരിക്കേണ്ട ഉത്തരവാദിത്വമുള്ള കണ്ടക്ടർ ഇടപെട്ടിരുന്നില്ല. ബസിൽ അധ്യാപികയ്ക്കുണ്ടായ ദുരനുഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗതാഗത മന്ത്രി ആൻറണി രാജു നേരത്തെ പറഞ്ഞിരുന്നു. കണ്ടക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കർശന നടപടിയെടുക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞിരുന്നു. തന്നെ മന്ത്രി ആൻറണി രാജു വിളിച്ചെന്നും അധ്യാപിക അറിയിച്ചിരുന്നു.
