സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷന്‍

Kerala

മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷൻ കെ.എം.ഖാദർ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്.

ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങൾ. ലീഗ് ഉന്നതാധികാരസമിതി അംഗമായ അദ്ദേഹം ഹൈദരലി തങ്ങൾ ചികിത്സയിൽ കഴിയുന്ന സമയത്ത് പാർട്ടിയുടെ ചുമതല നിർവഹിച്ചിരുന്നു. ദേശീയ രാഷ്ട്രീയ ഉപദേശക സമിതി ചെയർമാൻ സ്ഥാനവും സാദിഖലി തങ്ങൾക്കാണ് നൽകിയിട്ടുള്ളത്. പൂക്കോയ തങ്ങൾ അധ്യക്ഷപദവിയിലിരുന്നതിന് ശേഷം കീഴ് വഴക്കമനുസരിച്ച് പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെയാണ് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്മാരായി നിയോഗിക്കാറുള്ളത്. പിതാവ് പൂക്കോയ തങ്ങൾ, ജ്യേഷ്ഠ സഹോദരങ്ങളായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ഇരുന്ന കസേരയാണ് സാദിഖലി തങ്ങളെ തേടിയെത്തിയിരിക്കുന്നത്.

ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത അന്നുമുതൽ സാദിഖലി തങ്ങൾ ലീഗിന്റെ മലപ്പുറം ജില്ല അധ്യക്ഷ പദവിയിലുണ്ടായിരുന്നു. സുന്നി യുവജന സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും സാദിഖലി തങ്ങൾ വഹിക്കുന്നുണ്ട്. യൂത്ത് ലീഗിന്റേയും സമസ്ത വിദ്യാർഥി സംഘടനയായ എസ്കെഎസ്എസ്്എഫിന്റേയും സംസ്ഥാന പ്രസിഡന്റായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *