ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്ന് യുക്രൈൻ

International

രാജ്യത്തെ രണ്ട് ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്ന് യുക്രൈൻ. ആണവ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഉള്ള കീവ്, ഖാർകീവ് മേഖലകളിൽ ആണ് മിസൈൽ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുക്രൈന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ (EU) പിന്തുണ അറിയിച്ചിട്ടുണ്ട്. ബലാറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.
അതിനിടെ, സൈനിക നീക്കത്തിൽ തങ്ങൾക്ക് ആൾനാശം ഉണ്ടായെന്ന് റഷ്യ ആദ്യമായി സമ്മതിച്ചിട്ടുണ്ട്.
അതേസമയം, റഷ്യയും യുക്രൈനും ചര്‍ച്ച തുടങ്ങിയതായി റിപ്പോര്‍ട്ടുകൾ പുറത്തു വന്നു. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘമാണ് ബലാറൂസിൽ ചര്‍ച്ച നടത്തുന്നത്. പ്രസിഡന്റിന്റെ പ്രതിനിധി സംഘങ്ങളുള്‍പ്പെടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച. ചര്‍ച്ച പുരോഗമിക്കുകയാണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആണവ ഭീഷണിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സമാധാന ചര്‍ച്ചയെക്കുറിച്ച് യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ചര്‍ച്ച തീരുന്നത് വരെ ബെലാറൂസ് പരിധിയില്‍ സൈനിക നീക്കം ഉണ്ടാവില്ലെന്ന് ബെലാറൂസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സൈനിക വിമാനങ്ങള്‍, മിസൈല്‍ അടക്കം തല്‍സ്ഥിതി തുടരും. ബെലാറൂസ് യുക്രൈന്‍ ലക്ഷ്യമാക്കി സേനാ നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
റഷ്യയുടെ ആക്രമണത്തിന് അയവില്ലാത്തതിനാല്‍ ബെലാറൂസില്‍ ചര്‍ച്ചയെന്ന വാഗ്ദാനം യുക്രൈന്‍ വിശ്വാസത്തിലെടുത്തിരുന്നില്ല. റഷ്യന്‍ പ്രതിനിധി സംഘം ബെലാറസിലെത്തിയിരുന്നു. എന്നാല്‍ ബെലാറസില്‍ ചര്‍ച്ചയ്ക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങള്‍ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറൂസ്. ആവശ്യമെങ്കില്‍ ബെലാറൂസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റഷ്യയെപ്പോലെ തന്നെ യുക്രൈന് മറ്റൊരു ശത്രു രാജ്യമാണ് ബെലാറൂസ്.
നഗരങ്ങളില്‍ കടന്നുകയറി റഷ്യ ആക്രമണം തീവ്രമാക്കുന്നതിനിടെയാണ് യുക്രൈൻ ചർച്ചാ സന്നദ്ധത അറിയിച്ചത്. കാര്‍കീവില്‍ ഇരുസൈന്യവും തമ്മില്‍ തെരുവ് യുദ്ധം നടക്കുകയാണ്. നോവ കഖോവ റഷ്യ പിടിച്ചെടുത്തെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചു. സുമിയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നു. കീവില്‍ സ്‌ഫോടനങ്ങള്‍ നടക്കുകയും വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ യുക്രൈന്റെ പലഭാഗങ്ങളിലായി രൂക്ഷമായ ആക്രമണമാണ് റഷ്യ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *