മക്കിയാട്:മക്കിയാട്, കുഞ്ഞോം മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വനസംരക്ഷണത്തിലുടെ ജനസംരക്ഷണം സാധ്യമാക്കാൻ വനം വകുപ്പ് ജീവനക്കാർ ശ്രമിക്കണമെന്നും ഇത്തരത്തിലുള്ള മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളെ അതിനായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. 90 ലക്ഷം രൂപ വീതം നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ പുനർനിർമ്മിച്ചത്. കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിലെ ഡോർമിറ്ററി സംവിധാനത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ നോർത്ത് വയനാട് ഡിവിഷൻ ഡി.എഫ്.ഒ ദർശൻ ഘട്ടാനി രാഹുൽ ഗാന്ധി എം.പിയുടെ സന്ദേശം വായിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ വിനോദ് കുമാർ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡി.ജയപ്രസാദ് , തൊണ്ടാർനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ശങ്കരൻ, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ്യ താരേഷ് തുടങ്ങിയവർ സംസാരിച്ചു.