യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാർ ഇന്ന് നാട്ടിലെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിൽ റുമാനിയയിൽ നിന്ന് ഡൽഹിയിലേയ്ക്കും മുംബൈയിലേയ്ക്കുമാണ് എത്തുക. കൂടുതൽ പേരെ യുക്രെയ്നിന്റെ അതിർത്തിയിലെത്തിക്കാൻ നടപടി പുരോഗമിക്കുകയാണ്.
റുമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ആണ് ഇന്ന് തിരികെ ജന്മനാട്ടിലേക്ക് എത്തിക്കുക.സംഘത്തിൽ 17 മലയാളികളുമുണ്ട്. പോളണ്ട് ഉൾപ്പെടെ മറ്റു രാജ്യങ്ങൾ വഴിയുള്ള രക്ഷപ്രവർത്തനവും പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു. അതെസമയം കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കാനുളള നടപടികൾ സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ വ്യക്തത വരുത്തും.രക്ഷാദൗത്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യങ്ങൾക്കായുള്ള സമിതി യോഗം ചേരും. യുദ്ധത്തിന്റെയും ഉപരോധത്തിന്റെയും സാഹചര്യത്തിൽ റഷ്യയുമായും യുക്രെയ്നുമായുമുള്ള ഇന്ത്യയുടെ വാണിജ്യസാഹചര്യം അവലോകനം ചെയ്യാൻ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.