യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. അതിര്‍ത്തികളിലെ റോഡു മാർഗം യുക്രെയ്ന് വിടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായുളള രജിസ്ട്രേഷന് ഹംഗറിയിലെ ഇന്ത്യന്‍ എംബസിയില്‍ തുടങ്ങി.
പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന് അതിര്‍ത്തിയായ ലിവിവില്‍ ക്യാംപ് തുടങ്ങും. പോളണ്ട് വഴി നാട്ടിലേക്ക് തിരിക്കാന്‍ ഓഫിസുമായി ബന്ധപ്പെടണം. ഇതിനായുള്ള നമ്പറും മെയിൽ ഐഡിയും പ്രസിദ്ധീകരിച്ചു പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന് അതിര്‍ത്തിയിലെ ലിവിവില്‍ ക്യാംപ് തുടങ്ങും. ഫോണ്‍ +48660460814, +48606700105, മെയില്‍ cons.warsaw@mea.gov.in.
യുക്രെയ്ന് തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ സേന ഇരച്ചുകയറുകയാണ്. കീവില്‍ രണ്ട് സ്ഫോടനങ്ങള്‍ നടന്നു. റഷ്യന്‍ സൈനിക വ്യൂഹം പടിഞ്ഞാറന്‍ യുക്രെയ്നിലേക്ക് നീങ്ങുകയാണ്. ബ്രോവറിയിലെ സൈനികത്താവളത്തിനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ ആറുപേര്‍ മരിച്ചു. ആദ്യദിനം മാത്രം റഷ്യന്‍ ആക്രമണത്തില്‍ 137 പേര് കൊല്ലപ്പെട്ടെന്ന് യുക്രെയ്ന് പ്രസിഡന്റ്. മരിച്ചവരില്‍ പട്ടാളക്കാരും സാധരണക്കാരുമുണ്ട്. ശത്രുക്കളുടെ പ്രധാന ലക്ഷ്യം താനാണെന്നും പ്രഡിസന്റ് കൂട്ടിച്ചേര്‍ത്തു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തിലായി. അതിനിടെ, 20നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര് രാജ്യം വിടരുതെന്ന് യുക്രെയ്ന് പ്രസിഡന്റ് ഉത്തരവിട്ടു.
അതേസമയം, യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും കീവിൽ തന്നെ തുടരുമെന്ന തീരുമാനത്തിലാണ് യുക്രൈന് പ്രസിഡന്റ് വ്ളോടിമര്‍ സെലെൻസ്കി. റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യം താനാണെന്നും രണ്ടാമത്തേത് തന്റെ കുടുംബമാണെന്നും സെലന്‍സ്കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ യുക്രൈനിൽ പഠിക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. യുക്രെയിനിലെ കാർക്കീവിൽ മെട്രോ സ്റ്റേഷനുകളിൽ അഭയം പ്രാപിച്ച മലയാളികളുടെ മാതാപിതാക്കൾ ആശങ്കയോടെയാണ് നാട്ടിൽ കഴിയുന്നത്. ശേഖരിച്ച ഭക്ഷണവും വെള്ളവും തീർന്ന് കൊണ്ടിരിക്കുകയാണ്. ഇനിയും ഒരു ദിവസം കൂടി നിൽകേണ്ടി വന്നാൽ പ്രദേശവാസികളാൽ കൊള്ളയടിക്കപ്പെടും എന്നാണ് കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ ഭയം.