ചലച്ചിത്ര നടൻ കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹം. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രണ്ട് പതിറ്റാണ്ടായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് കോട്ടയം പ്രദീപ് ചലച്ചിത്ര രംഗത്ത് എത്തിയത്. ജൂനിയര്‍ അഭിനേതാവായാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
സിനിമ പാശ്ചത്തലമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയില്‍ എത്തിയത്. കോട്ടയത്ത് തിരുവാതുക്കൽ ആണ് പ്രദീപ് ജനിച്ചത്. വീടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ നിരന്തരമായ സിനിമ കാണലാണ് ഇദ്ദേഹത്തെ സിനിമയില്‍ എത്താനുള്ള താല്‍പ്പര്യം ഉണ്ടാക്കിയത്.