വയനാട് തുരങ്കപാത യാഥാര്‍ഥ്യമാകുന്നു;കിഫ്ബി 2134 കോടി രൂപ അനുവദിച്ചു

Wayanad

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് (ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡ്) 2134.50 കോടി രൂപയുടെ കിഫ്ബി ധനാനുമതി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരമില്ലാത്ത പാതയാണിത്. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

കള്ളാടിയില്‍നിന്ന് ആനക്കാംപൊയില്‍ മറിപ്പുഴ സ്വര്‍ഗംകുന്നിലേക്കാണ് തുരങ്കം പണിയുന്നത്. ആകെ 7.82 കിലോമീറ്ററാണ് നീളം. സ്വര്‍ഗംകുന്നില്‍നിന്ന് കള്ളാടിവരെയുള്ള തുരങ്കത്തിന് 6.8 കിലോമീറ്റര്‍ നീളമുണ്ടാകും.

പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും നീളമേറിയ തുരങ്കപാതയായി ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി ടണല്‍ റോഡ് മാറും. വയനാട് ചുരത്തിന് ബദലായുള്ള തുരങ്കപാത പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളിലൊന്നാണ്.

2020 സെപ്റ്റംബറിലാണ് നിര്‍ദിഷ്ട പാതയുടെ സര്‍വേ തുടങ്ങിയത്. കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍നിന്ന് 658 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്‍കിയിരുന്നു. നിര്‍മാണം തുടങ്ങി മൂന്നുവര്‍ഷത്തിനകം തുരങ്കപാത പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *