ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരും. ഹർജി പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ്. സംസ്ഥാനത്ത് പ്രീ യൂണിവേഴ്സിറ്റി മുതലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. നിരീക്ഷണത്തെ ശക്തമാക്കാൻ പോലീസ്‌നിൻ നിർദേശം നൽകിയിട്ടുണ്ട്. യൂണിഫോമുള്ള കോളേജുകളിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പാലിക്കണമെന്ന് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.
വിവിധ കോളജുകളിലെ വിദ്യാർത്ഥിനികളാണ് ഹർജി നൽകിയിരിക്കുന്നത്. കർണാടകയിലെ മൂന്ന് കോളജുകൾ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളുടെ പ്രവേശനം തടഞ്ഞിരുന്നു. ഇത് വിവിധ സമുദായങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുസ്ലീം പെൺകുട്ടികളുടെ സമരത്തിനിടെ ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് പ്രകോപനം സൃഷ്ടിച്ചിരുന്നു. ഈ വിഷയം രാജ്യവ്യാപകമായി രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.