പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു

National

കർഷക പരേഡിനിടെ ചെങ്കോട്ടയിൽ അക്രമം നടത്തിയതിന് പൊലിസ് അറസ്റ്റ് ചെയ്ത പഞ്ചാബി നടൻ ദീപ് സിദ്ദു വാഹനാപകടത്തിൽ മരിച്ചു.ഹരിയനയിലെ സിംഗു അതിർത്തിക്ക് സമീപം രാത്രി 8:30ഓടെയായിരുന്നു അപകടം
ഡൽഹിയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം വരികയായിരുന്നു ദീപ് സിദ്ദു. ഹരിയാനയിലെ കുണ്ഡ്‌ലി അതിർത്തിക്കടുത്തുള്ള സോനിപത് ജില്ലയിൽ, ഹൈവേയുടെ വശത്ത് നിർത്തിയിട്ടിരുന്ന ട്രോളിയിൽ അദ്ദേഹത്തിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദീപ് സിദ്ധുവിന് ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ദീപ് സിദ്ദുവിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ട് പോയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സോനിപത് സിവിൽ ആശുപത്രിയിലേക്ക് അയച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്നായിരുന്നു ദീപ് സിദ്ധുവിന് എതിരായ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ചെങ്കോട്ടയില്‍ കടന്ന ദീപ് സിദ്ദുവും സംഘവും അവിടെ സിഖ് പതാക ഉയര്‍ത്തിയത് വിവാദമായിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ഒളിവിലായിരുന്ന സിദ്ദുവിനെ കുടുക്കിയത്. ഒളിവിലിരുന്ന് വിദേശത്തുളള വനിതാസുഹൃത്ത് വഴി സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. കലാപത്തിന് ആഹ്വാനം ചെയ്യല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന്അറസ്റ്റ് ചെയ്തത്.
ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ദില്ലി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി അന്ന് ഉന്നയിച്ചു.
2015-ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യപ്രവർത്തകനുമാണ് സിദ്ദു

Leave a Reply

Your email address will not be published. Required fields are marked *